അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് ഇറാൻ വഴങ്ങിയെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളെ ശക്തമായി പരിഹസിച്ച് ഇറാൻ രംഗത്തെത്തി. ട്രംപ് നടത്തിയ ഏഴ് അവകാശവാദങ്ങളും പച്ചക്കള്ളമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് തുറന്നടിച്ചു. നുണകൾ പ്രചരിപ്പിച്ച് യുദ്ധം ജയിക്കാമെന്ന് അമേരിക്ക കരുതേണ്ടെന്നും, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം നീക്കിയില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന കടുത്ത മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാന്റെ അനുമതിയോടെയും നിശ്ചിത റൂട്ടിലൂടെയും മാത്രമേ അനുവദിക്കൂ എന്നാണ് ഇറാന്റെ നിലപാട്.
ആണവ കരാറുമായി ബന്ധപ്പെട്ട ട്രംപിന്റെ വാദങ്ങളെയും ഇറാൻ പാടെ തള്ളി. കരാറിലേർപ്പെട്ടാൽ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന തെറ്റാണെന്നും ആണവോർജ്ജ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, ഹിസ്ബുള്ളയുടെ പോരാട്ടവീര്യമാണ് ഇസ്രായേൽ-ലെബനോൻ വെടിനിർത്തലിലേക്ക് നയിച്ചതെന്നും കൂട്ടിച്ചേർത്തു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കാനിരിക്കുകയാണ്. ഇറാനുമായുള്ള കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും ഹോർമുസ് കടലിടുക്ക് ഇനി അടയ്ക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്നുമാണ് ട്രംപ് ഇപ്പോഴും അവകാശപ്പെടുന്നത്. എങ്കിലും കരാർ നടപടികൾ പൂർത്തിയാകുന്നത് വരെ യുഎസ് സൈനിക ഉപരോധം തുടരുമെന്ന് ട്രംപ് ആവർത്തിച്ചു.



