India Mirror News

വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു; ബിജെപി നീക്കത്തെ തടഞ്ഞെന്ന് ഷാഫി പറമ്പിൽ

വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു; ബിജെപി നീക്കത്തെ തടഞ്ഞെന്ന് ഷാഫി പറമ്പിൽ

രാജ്യത്തെ ഉറ്റുനോക്കിയ വനിതാ സംവരണ ഭേദഗതി ബിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ലോക്‌സഭയിൽ പരാജയപ്പെട്ടു. ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം കണ്ടെത്താൻ കേന്ദ്ര സർക്കാരിന് കഴിയാതിരുന്നതാണ് ബില്ലിന് തിരിച്ചടിയായത്. വോട്ടെടുപ്പിൽ ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് ലഭിച്ചത്; പ്രതിപക്ഷ നിരയിൽ നിന്ന് 230 പേർ ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തി. ഇതോടെ ചരിത്രപ്രധാനമെന്ന് കേന്ദ്രം വിശേഷിപ്പിച്ച ബിൽ നിയമസഭകളിലും ലോക്‌സഭയിലും വനിതകൾക്ക് സംവരണം ഉറപ്പാക്കുന്നതിൽ താൽക്കാലികമായി പരാജയപ്പെട്ടിരിക്കുകയാണ്. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു സഭ വോട്ടെടുപ്പിലേക്ക് കടന്നത്.

വനിതാ സംവരണത്തിന്റെ മുഖംമൂടി അണിഞ്ഞ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമത്തെയാണ് തങ്ങൾ പരാജയപ്പെടുത്തിയതെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. വനിതാ സംവരണത്തെ മണ്ഡല പുനർനിർണ്ണയവുമായി (ഡീലിമിറ്റേഷൻ) ബന്ധിപ്പിക്കാതെ നടപ്പിലാക്കാൻ സാധിക്കുമോ എന്ന കെ.സി. വേണുഗോപാലിന്റെ ചോദ്യത്തിന്, ആഭ്യന്തര മന്ത്രി നൽകിയ മറുപടിയിലെ അതൃപ്തിയാണ് പ്രതിപക്ഷത്തിന്റെ കടുത്ത നിലപാടിന് കാരണമായത്. അസമിലും ജമ്മു കശ്മീരിലും ചെയ്തതുപോലെ തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച് മണ്ഡലങ്ങൾ വെട്ടിമുറിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും അതല്ലാതെ ആത്മാർത്ഥമായ വനിതാ സംവരണമല്ല ബില്ലിന് പിന്നിലെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

ബിജെപി എന്നാൽ ഇന്ത്യയല്ലെന്നും കേവല ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനയുടെ അന്തസത്തയെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ കാവലാളായി പാർലമെന്റിന് അകത്തും പുറത്തും ഇത്തരം നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ സംവരണം ഉടൻ നടപ്പിലാക്കാതെ സെൻസസിന് ശേഷമുള്ള മണ്ഡല പുനർനിർണ്ണയം എന്ന കെണിയിൽ തങ്ങൾ വീഴില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വോട്ടെടുപ്പ് വേളയിൽ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *