ഇടുക്കി: ജൂൺ മാസത്തിൽ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ തുടരുന്നത് സംസ്ഥാനത്തെ ജലവൈദ്യുതി ഉത്പാദനത്തെ ആശങ്കയിലാക്കുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നിലവിൽ അണക്കെട്ടിൽ 44 അടി വെള്ളത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ മഴ ശക്തമായില്ലെങ്കിൽ വൈദ്യുതി ഉത്പാദനം കടുത്ത പ്രതിസന്ധി നേരിടും. നിലവിൽ അണക്കെട്ടിന്റെ ആകെ സംഭരണശേഷിയുടെ 23 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഇടുക്കിയിൽ ആകെ 342 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്. ഇതിനാൽ കഴിഞ്ഞ ഒരു മാസത്തിനിടെ നാലടി മാത്രമാണ് ജലനിരപ്പ് ഉയർന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഇനിയും താഴ്ന്ന് സംഭരണശേഷിയുടെ 20 ശതമാനത്തിന് താഴേക്ക് പോയാൽ മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്പാദനം പൂർണ്ണമായും നിർത്തിവെക്കേണ്ടി വരും.
നിലവിൽ ഉത്പാദനത്തിൽ കടുത്ത പ്രതിസങ്കടങ്ങൾ ഇല്ലെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഉത്പാദനം ഗണ്യമായി കുറച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ പ്രതിദിനം 12 ദശലക്ഷം യൂണിറ്റ് വരെ ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി നാല് ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നത്. ഇടുക്കിക്ക് പുറമെ മറ്റ് ചെറുഡാമുകളിലും ജലനിരപ്പ് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ മാസം ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുവാദമുള്ളത്. കെ.എസ്.ഇ.ബി സമർപ്പിച്ച വിവിധ രേഖകളും വരും മാസങ്ങളിലെ വൈദ്യുതി ലഭ്യതയുടെ കണക്കുകളും കൃത്യമായി പരിശോധിച്ച ശേഷമാണ് റെഗുലേറ്ററി കമ്മിഷൻ ഈ സുപ്രധാന അനുമതി നൽകിയത്.



