ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികൾക്ക് താല്ക്കാലിക ആശ്വാസമായി രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ കുറവ് രേഖപ്പെടുത്തി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 183 രൂപയാണ് ഒറ്റയടിക്ക് കുറച്ചിരിക്കുന്നത്. പുതുക്കിയ ഈ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന കടുത്ത യുദ്ധസാഹചര്യങ്ങളെ തുടർന്നായിരുന്നു രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില നേരത്തെ കുത്തനെ വർദ്ധിപ്പിച്ചിരുന്നത്. ഇതിനുപിന്നാലെ വാണിജ്യ എൽപിജി വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പൂർണ്ണമായും നീക്കുകയും വിതരണ ശൃംഖല പ്രതിസന്ധിക്ക് മുൻപുള്ള സാധാരണ നിലവാരത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇറാനെതിരായ യുഎസിന്റെയും ഇസ്രയേലിന്റെയും നീക്കങ്ങളും ആക്രമണങ്ങളുമാണ് ലോകമെമ്പാടും കടുത്ത ഊർജ്ജ പ്രതിസന്ധി സൃഷ്ടിക്കാൻ കാരണമായത്. ഈ സംഘർഷങ്ങൾക്ക് പിന്നാലെ, ലോകത്തെ പ്രധാന ഇന്ധന പാതയായ ഹോർമുസ് കടലിടുക്കിലൂടെ അസംസ്കൃത എണ്ണയും വാതകവും വഹിക്കുന്ന കപ്പലുകളുടെ നീക്കം ഇറാൻ തടഞ്ഞിരുന്നു. ഈ വിതരണ തടസ്സമാണ് ലോകമെമ്പാടുമുള്ള പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വില കുത്തനെ ഉയരാൻ ഇടയാക്കിയത്. ഈ രാജ്യാന്തര പ്രതിസന്ധിയുടെ ഭാഗമായി ഇന്ത്യയിലും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില തുടർച്ചയായി നാല് തവണ വർദ്ധിപ്പിക്കേണ്ടി വന്നിരുന്നു. കൂടാതെ ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വില രണ്ട് തവണയും, ഇന്ധനവില ഘട്ടം ഘട്ടമായും കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. നിലവിൽ രാജ്യത്ത് പെട്രോൾ – ഡീസൽ വിൽപനയ്ക്കുള്ള നിയന്ത്രണങ്ങൾ കേന്ദ്രം പിൻവലിച്ചിട്ടുണ്ടെങ്കിലും, ജനങ്ങളെ വലയ്ക്കുന്ന ഇന്ധന വിലവർദ്ധനവ് പിൻവലിക്കുന്നത് സംബന്ധിച്ച് നിലവിൽ യാതൊരു നിർദ്ദേശങ്ങളും അധികൃതരുടെ ഭാഗത്തുനിന്ന് വന്നിട്ടില്ല.



