പ്രഥമ ഐ.സി.സി വനിതാ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 2027 ഫെബ്രുവരി 14 മുതൽ 28 വരെ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് പ്രമുഖ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ (സി.സി.ഐ), വഡോദരയിലെ വഡോദര ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്. നേരത്തെ ശ്രീലങ്കയെയായിരുന്നു വേദിയായി തീരുമാനിച്ചിരുന്നതെങ്കിലും, ഐ.സി.സി നിർദേശിച്ച ഭരണപരമായ പരിഷ്കാരങ്ങൾ പൂർത്തിയാക്കാൻ അവർക്ക് സാധിക്കാത്തതിനെ തുടർന്നാണ് ടൂർണമെന്റ് ഇന്ത്യയിലേക്ക് മാറ്റിയത്. ബംഗ്ലാദേശ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ പരിഗണിച്ച ശേഷമാണ് ഇന്ത്യയ്ക്ക് ആതിഥേയത്വം നൽകാൻ ശുപാർശ ചെയ്തതും, തുടർന്ന് ഐ.സി.സി ബോർഡ് തീരുമാനം ഔദ്യോഗികമായി അംഗീകരിച്ചതും.
2026 ജൂലൈ ആറിലെ ഐ.സി.സി വനിതാ ടി20 റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ടീമുകൾ ടൂർണമെന്റിലേക്ക് യോഗ്യത നേടിയത്. ‘റൗണ്ട് റോബിൻ’ മാതൃകയിൽ നടക്കുന്ന മത്സരങ്ങളിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ഫെബ്രുവരി 28-ന് നടക്കുന്ന ഫൈനലിൽ പോരാടും. വനിതാ ക്രിക്കറ്റിൽ കൂടുതൽ സ്ഥിരതയുള്ള അന്താരാഷ്ട്ര മത്സരക്രമം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐ.സി.സി ഈ പുതിയ ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമിടുന്നത്. പ്രഥമ ചാമ്പ്യൻസ് ട്രോഫിക്ക് സ്വന്തം നാട്ടിൽ കളിക്കാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യൻ താരങ്ങൾ.



