India Mirror News

‘ഐ നോബഡി’ തിയേറ്ററുകളിൽ; പൃഥ്വിരാജിന്റെ മകൾ പാടിയ പുതിയ ഗാനം പുറത്ത്

‘ഐ നോബഡി’ തിയേറ്ററുകളിൽ; പൃഥ്വിരാജിന്റെ മകൾ പാടിയ പുതിയ ഗാനം പുറത്ത്

പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും വീണ്ടും ഒന്നിച്ച നിസാം ബഷീർ ചിത്രം ‘ഐ നോബഡി’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. റോഷാക്കിന് ശേഷം നിസാം ബഷീർ ഒരുക്കിയ ഈ സിനിമ ഇതുവരെ മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത വേറിട്ട മേക്കിംഗ് ശൈലി കൊണ്ടാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റുന്നത്. വലിയ സ്വീകാര്യത നേടുന്ന ഈ ചിത്രത്തിലെ ‘സർക്കസ്’ എന്ന് തുടങ്ങുന്ന പുതിയ ഗാനം ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ പൃഥ്വിരാജ് ആലപിച്ചു എന്ന പ്രത്യേകതയുള്ള ഈ ഗാനം, മകളുടെ ആഗ്രഹങ്ങളിലും താല്പര്യങ്ങളിലും അഭിമാനിക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് പങ്കുവെച്ചത്. ഹിറ്റ് മേക്കർ ജേക്സ് ബിജോയ് ഈണമിട്ട ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സെബാ ടോമിയാണ്. നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാനിലും അലംകൃത പാടിയിരുന്നു.

ഒരു ബാങ്ക് കവർച്ചയ്ക്ക് അബദ്ധത്തിൽ സാക്ഷിയാകേണ്ടി വരുന്ന രാജീവൻ എന്ന സർക്കാർ ഉദ്യോഗസ്ഥന്റെയും, ഭാര്യ മീരയും രണ്ട് പെൺമക്കളും അടങ്ങുന്ന അയാളുടെ കുടുംബത്തിന്റെയും ജീവിതത്തിൽ തുടർന്നുണ്ടാകുന്ന പ്രതിസന്ധികളാണ് ചിത്രം ദൃശ്യാവിഷ്കരിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുളാണ് ഈ സിനിമയുടെയും രചന നിർവ്വഹിച്ചിരിക്കുന്നത്. ‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ 4 എക്സ്പെരിമെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, നിഷാന്ത് സാഗർ, ഖാലിദ് റഹ്മാൻ, സുധി കോപ്പ തുടങ്ങി മലയാളത്തിലെ ഒരു വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *