തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ തയ്യാറാക്കിയ വിശദമായ പദ്ധതി രൂപരേഖ സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിക്ക് കൈമാറി. സമിതി നിലവിൽ ഈ നിർദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തിവരികയാണെന്നും അടുത്ത ആഴ്ച തന്നെ സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നുമാണ് വിവരം. സിയാൽ മോഡലിൽ പൊതുജനങ്ങളിൽ നിന്നും നിക്ഷേപകരിൽ നിന്നും ധനസമാഹരണം നടത്തണമെന്നാണ് ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിൽ പ്രധാനമായും നിർദ്ദേശിക്കുന്നത്. പദ്ധതിയുടെ ആകെ ചെലവ് 60,000 കോടി രൂപയാണ് കണക്കാക്കുന്നത്. ഇതിൽ 40 ശതമാനം തുക, അതായത് 24,000 കോടി രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ കണ്ടെത്താനാകും. ബാക്കി തുകയിൽ 18,360 കോടി രൂപ കേന്ദ്ര സർക്കാരും 17,640 കോടി രൂപ സംസ്ഥാന സർക്കാരും വഹിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട് വരെ 473.20 കിലോമീറ്റർ ദൈർഘ്യത്തിൽ മൂന്നര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാവുന്ന ഈ അതിവേഗ റെയിൽ പദ്ധതിയെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡിഎംആർസി) പദ്ധതിയായാണ് സർക്കാർ നിലവിൽ പരിഗണിക്കുന്നത്.
ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ച് നൂറിലധികം ചോദ്യങ്ങളാണ് വിദഗ്ധ സമിതി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോട് ചോദിച്ചിരുന്നത്. ഇതിനെല്ലാം കൃത്യമായ വ്യക്തത വരുത്തിക്കൊണ്ട് ഡൽഹി മെട്രോ നൽകിയ മറുപടി ഇപ്പോൾ ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസിന് ലഭിച്ചിട്ടുണ്ട്. പാരിസ്ഥിതികമായി ഏറെ അനുകൂലമായതും, ജനങ്ങളെ വ്യാപകമായി ഒഴിപ്പിക്കേണ്ടാത്തതും, സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കാത്തതുമായ ഒന്നാണ് ഈ പദ്ധതി എന്നതുമാണ് ഇ. ശ്രീധരന്റെ ഉറച്ച നിലപാട്. ഈ അവകാശവാദങ്ങളിന്മേൽ ഉൾപ്പെടെയാണ് സമിതി കൂടുതൽ വ്യക്തത തേടിയത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതോടെ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാനാകുമോ എന്ന കാര്യത്തിൽ വൈകാതെ തന്നെ അന്തിമ തീരുമാനമുണ്ടാകും.



