125 സിസി സ്പോർട്ടി ബൈക്ക് വിപണിയിലെ മത്സരം കൊഴുപ്പിക്കാൻ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ എക്സ്ട്രീം 125ആർ (Xtreme 125R) മോഡൽ അപ്ഡേറ്റ് ചെയ്യാൻ ഒരുങ്ങുന്നു. ഔദ്യോഗിക പുറത്തിറക്കലിന് മുന്നോടിയായി ചോർന്ന ചിത്രങ്ങൾ പ്രകാരം, ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS) തുടങ്ങിയ അത്യാധുനിക ഫീച്ചറുകളാണ് പുതിയ ബൈക്കിന്റെ പ്രധാന ആകർഷണം. നിലവിലെ 4.2 ഇഞ്ച് എൽ.സി.ഡി സ്ക്രീനിന് പകരമായി എത്തുന്ന ടി.എഫ്.ടി സ്ക്രീൻ കൂടുതൽ റൈഡിംഗ് വിവരങ്ങളും ആധുനിക ലുക്കും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ടി.എഫ്.ടിയും ടയറുകളിലെ വായുമർദ്ദം തത്സമയം അറിയാനുള്ള ടി.പി.എം.എസും ഉയർന്ന വകഭേദത്തിൽ (Top Variant) മാത്രമായിരിക്കും ലഭ്യമാകുക.
നിലവിലുള്ള 11.4 ബി.എച്ച്.പി കരുത്തും 10.5 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 125 സിസി സിംഗിൾ സിലിണ്ടർ എൻജിനിലും 5 സ്പീഡ് ഗിയർബോക്സിലും മാറ്റങ്ങളുണ്ടാകില്ല. കൂടാതെ ഡ്യുവൽ ചാനൽ എബിഎസ്, ഓൾ-എൽ.ഇ.ഡി ലൈറ്റിങ്, സ്പ്ലിറ്റ് സീറ്റ്, റൈഡിംഗ് മോഡുകൾ, ടെലിസ്കോപ്പിക് ഫോർക്കുകൾ, മോണോഷോക്ക് സസ്പെൻഷൻ എന്നിവ ബൈക്കിൽ തുടരും. പുതിയ അപ്ഡേറ്റുകളോടെ എത്തുന്ന ടോപ്പ് വകഭേദത്തിന് നിലവിലെ 91,500 രൂപ മുതൽ 1.08 ലക്ഷം രൂപ വരെയുള്ള എക്സ്-ഷോറൂം വിലയേക്കാൾ കൂടുതൽ തുക നൽകേണ്ടി വന്നേക്കും. വിപണിയിലെ പ്രധാന എതിരാളികളായ ടി.വി.എസ് റൈഡർ 125, ബജാജ് പൾസർ 125, ഹോണ്ട സി.ബി 125 ഹോർനെറ്റ് എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്താനാണ് ഹീറോയുടെ ഈ നീക്കം.



