തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് രംഗത്തെത്തി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ആലപ്പുഴ മുതൽ കാസർഗോഡ് വരെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ, പാലക്കാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം എന്നിവയാണ് ഈ ജില്ലകൾ. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
മഴ കനക്കുന്നതോടെ പ്രധാന റോഡുകളിൽ വെള്ളക്കെട്ടുണ്ടാകാനും കാഴ്ച മങ്ങാനും സാധ്യതയുള്ളതിനാൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഉണ്ടായേക്കാം. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തടസ്സപ്പെടാനും അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. വീടുകൾക്കും കുടിലുകൾക്കും ഭാഗികമായ കേടുപാടുകൾ സംഭവിച്ചേക്കാമെന്നും, മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കനത്ത മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത നിർമ്മിതികൾക്ക് നാശമുണ്ടാക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണമെന്നും, അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായി ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.



