India Mirror News

കള്ളാടി ദുരന്തം: മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും;

കള്ളാടി ദുരന്തം: മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും;

കൽപറ്റ: കനത്ത മണ്ണിടിച്ചിൽ നാശം വിതച്ച വയനാട് കള്ളാടി ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സന്ദർശിക്കും. ദുരന്തത്തിൽ കാണാതായ അഞ്ച് പേർക്കായുള്ള തിരച്ചിൽ ഇന്ന് രാവിലെ മുതൽ എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ പുനരാരംഭിക്കും. രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ദുരന്തബാധിത മേഖലയെ നാല് സോണുകളായി തിരിച്ചാണ് എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് സംഘങ്ങൾ പരിശോധന നടത്തുന്നത്. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി. സിദ്ദിഖ് എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി കളക്ടർ, ഡി.ഐ.ജി, എസ്.പി, റവന്യൂ ഉദ്യോഗസ്ഥർ, ആശുപത്രി അധികൃതർ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിലാണ് രക്ഷാപ്രവർത്തനങ്ങളുടെ തുടർനടപടികൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. സുരക്ഷ മുൻനിർത്തി ഇന്ന് കള്ളാടി ദുരന്തബാധിത പ്രദേശത്ത് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെയും മൃതദേഹങ്ങൾ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എമ്പാം ചെയ്ത ശേഷം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകും. ജാർഖണ്ഡ് സ്വദേശി അൻമോൽ ദോദ്‍റായ്, ബിഹാർ സ്വദേശി ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ പാൽ എന്നിവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്നലെത്തന്നെ വൈത്തിരി ഗവൺമെന്റ് ആശുപത്രിയിൽ പൂർത്തിയാക്കിയിരുന്നു. അതേസമയം, അപകടത്തിൽ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മധ്യപ്രദേശ് സ്വദേശി ദിലീപിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. പ്രദേശത്തുനിന്നും മാറ്റ പാർപ്പിച്ച 41 കുടുംബങ്ങളിലെ 140 പേർ നിലവിൽ മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *