സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ പവന് ഒറ്റയടിക്ക് 2,990 രൂപ വർദ്ധിച്ചതിന് പിന്നാലെയാണ് ഇന്ന് പവൻ ഗ്രാമിനും പവനും വലിയ തോതിൽ വില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,720 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,11,080 രൂപയായി താഴ്ന്നു. ഗ്രാമിന് 215 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 13,885 രൂപയിലുമെത്തി. ഇറാൻ – അമേരിക്ക വെടിനിർത്തൽ ചർച്ചകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വർണവിലയിൽ ഇത്തരമൊരു മാറ്റത്തിന് കാരണമായത്. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ റെക്കോർഡ് നിരക്ക്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരളത്തിലെ സ്വർണവിപണിയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിലേക്ക് ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ ആഗോള വിപണിയിലുണ്ടാകുന്ന ചലനങ്ങൾ സാധാരണയായി കേരളത്തിലെ വിലയെയും ബാധിക്കാറുണ്ട്. എങ്കിലും അന്താരാഷ്ട്ര വിപണിയിൽ വില കൂടുന്നതിന് ആനുപാതികമായ വർദ്ധനവ് എല്ലായ്പ്പോഴും പ്രാദേശിക വിപണിയിൽ പ്രതിഫലിക്കണമെന്നില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ശാന്തമായാൽ വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.



