India Mirror News

തൃശ്ശൂർ ബി.ജെ.പിയിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടെന്ന് മുൻ ഓഫീസ് സെക്രട്ടറി; ആരോപണം തള്ളി നേതൃത്വം

തൃശ്ശൂർ ബി.ജെ.പിയിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടെന്ന് മുൻ ഓഫീസ് സെക്രട്ടറി; ആരോപണം തള്ളി നേതൃത്വം

നിയമസഭാ തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന കോടികളുടെ ഫണ്ട് നേതാക്കൾ ചേർന്ന് തട്ടിയെടുത്തെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ് രംഗത്തെത്തി. 17 ചാക്കുകളിലായി എത്തിയ 25 കോടി രൂപ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. കെ. സുരേഷ്, കെ. കെ. അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അപഹരിച്ചതെന്ന് അക്ഷയ് ആരോപിച്ചു. സംഘടനാ സെക്രട്ടറി സുരേഷ് മുരളി കുളങ്ങാട്ട് അടക്കമുള്ളവരാണ് പണം കൈകാര്യം ചെയ്തതെന്നും, തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് ഈ തുക എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധിനഗറിലെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന പണത്തിൽ നിന്ന് ഒരു കോടി രൂപ താനും മുരളീകുളങ്ങാട്ടും ചേർന്ന് കൊടുത്തയച്ചിരുന്നുവെന്നും 17 ചാക്കുകളിലും ഒരു പച്ച ബാഗിലുമായാണ് തുക എത്തിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ സാമ്പത്തിക ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്തതിനാലാണ് തന്നെ തസ്തികയിൽ നിന്ന് പുറത്താക്കിയതെന്നും, ഭാവിയിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സംഘടനാ സെക്രട്ടറി കെ. കെ. സുരേഷ്, സുജയ് സേനൻ, അഡ്വക്കേറ്റ് എൻ. ഹരി എന്നിവരായിരിക്കും ഉത്തരവാദികളെന്നും അക്ഷയ് കൂട്ടിച്ചേർത്തു. 2021-ലെ കരുവന്നൂർ, കൊടകര കുഴൽപ്പണ വിവാദങ്ങൾക്ക് പിന്നാലെ ബി.ജെ.പി നേതൃത്വത്തെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. എന്നാൽ ആരോപണങ്ങൾ തികച്ചും വ്യാജമാണെന്നും ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബി.ജെ.പി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ് പ്രതികരിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *