India Mirror News

മാസപ്പടി കേസ്: വീണക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച കൊച്ചിയിൽ ചോദ്യം ചെയ്യും

മാസപ്പടി കേസ്: വീണക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച കൊച്ചിയിൽ ചോദ്യം ചെയ്യും

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി.ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചു. വരും വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് സമൻസ് നൽകിയിരിക്കുന്നത്. വീണയ്ക്ക് പുറമേ സിഎംആർഎൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആകെ ഒൻപത് പേർക്കാണ് ഇഡി നിലവിൽ സമൻസ് അയച്ചിട്ടുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി കോടതി തള്ളുകയും, കേസിന്റെ നിർണായക രേഖകൾ ഇഡിക്ക് കൈമാറാൻ പ്രത്യേക കോടതി അനുമതി നൽകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. കേസിനാസ്പദമായ പരമാവധി രേഖകളും ഡിജിറ്റൽ തെളിവുകളും പണമിടപാട് വിവരങ്ങളും ഇഡി ഇതിനകം തന്നെ ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട്. മുൻപ് വീണ ടിയുടെ ഓഫീസ്, വസതി എന്നിവടങ്ങളിലും പിണറായി വിജയന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് പിണറായി വിജയന്റെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ എത്തിയപ്പോൾ സി.പി.ഐ.എം പ്രവർത്തകർ അതിശക്തമായ പ്രതിഷേധം ഉയർത്തുകയും ഇഡി വാഹനങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയും വേഗത്തിലുമാണ് ഇഡി ഇപ്പോൾ തുടർനടപടികളുമായി മുന്നോട്ട് പോകുന്നത്.

എസ്എഫ്ഐഒ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിന്റെ അനുബന്ധ രേഖകൾ ഇഡിക്ക് കൈമാറുന്നതിനെ സിഎംആർഎൽ ശക്തമായി എതിർത്തിരുന്നെങ്കിലും കമ്പനിക്കാര്യ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി കഴിഞ്ഞ ദിവസം ഈ വാദം തള്ളുകയായിരുന്നു. രേഖകൾ കൈമാറുന്നതിൽ തങ്ങൾക്ക് യാതൊരുവിധ തടസ്സവുമില്ലെന്ന് എസ്എഫ്ഐഒയും കോടതിയെ അറിയിച്ചിരുന്നു. വീണ ടിയും സിഎംആർഎല്ലും തമ്മിലുള്ള കരാറുകൾ, എക്സാലോജിക്കിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വീണയുടെ ആദായനികുതി റിട്ടേൺ രേഖകൾ എന്നിവയുൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് കോടതി ഉത്തരവിലൂടെ ഇഡിക്ക് ലഭ്യമായിരിക്കുന്നത്. വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡുകളിലൂടെ പിടിച്ചെടുത്ത ഈ രേഖകളും ഡിജിറ്റൽ തെളിവുകളും മുൻനിർത്തിയാകും വെള്ളിയാഴ്ച ഇഡി ഉദ്യോഗസ്ഥർ വീണ ടിയെ ചോദ്യം ചെയ്യുകയെന്നാണ് പുറത്തുവരുന്ന സൂചനകൾ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *