വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുന്നതിനായി കോഴിക്കോട് സെഷൻസ് കോടതി ഈ മാസം 27-ലേക്ക് മാറ്റി. കഴിഞ്ഞദിവസം ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെ തുടർന്നാണ് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം പൂർണ്ണമായി അംഗീകരിച്ചായിരുന്നു മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്.
വിവാദമായ കാഫിർ സ്ക്രീൻഷോട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്‌കറിന്റെ മൊബൈൽ ഫോണിൽ നിന്നാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ. കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ ഈ തെളിവുകൾ നശിപ്പിക്കുന്നതിനായി പ്രതി തന്റെ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്സ്ആപ്പ് ഡാറ്റകൾ പൂർണ്ണമായി ഡിലീറ്റ് ചെയ്യുകയും ചെയ്തതായി ജില്ലാ ഫോറൻസിക് ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഈ വിവരങ്ങൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലവിൽ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ ഫോണിൽ നിന്ന് വീണ്ടെടുക്കാനാകാത്ത വിധം അവശേഷിക്കുന്ന ഡിജിറ്റൽ തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും, പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷണത്തെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.



