ടെഹ്റാൻ: പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയേകി, അമേരിക്കയും ഇറാനും തമ്മിൽ ഇന്ന് നടക്കാനിരുന്ന നിർണ്ണായകമായ ദോഹ ചർച്ചകൾ അനിശ്ചിതത്വത്തിലായി. തങ്ങളുടെ പ്രതിനിധി സംഘം ദോഹയിൽ എത്തുമെങ്കിലും നിലവിൽ യുഎസുമായി ചർച്ചകൾക്കൊന്നും പദ്ധതിയിട്ടിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി വ്യക്താക്കി. എന്നാൽ, ഇറാനുമായുള്ള ചർച്ച ഇന്ന് ദോഹയിൽ തന്നെ നടക്കുമെന്ന ഉറച്ച നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിങ്ടണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഈ ചർച്ചകൾ പ്രധാനമായും ഇറാന്റെ ആണവ നിരായുധീകരണത്തിലാകും ഊന്നൽ നൽകുകയെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി. ഇതിനിടെ, അമേരിക്ക തങ്ങൾ മുന്നോട്ടുവെച്ച വ്യവസ്ഥകൾ പാലിക്കാൻ തയ്യാറായാൽ തിരിച്ചും വ്യവസ്ഥകൾ പാലിക്കാൻ ഇറാൻ ഒരുക്കമാണെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തന്റെ എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചു. ഖത്തറിലുള്ള ഇറാന്റെ മരവിപ്പിച്ച 1200 കോടി ഡോളറിന്റെ ആസ്തിയിൽ 600 കോടി ഡോളർ ഉടൻ വിട്ടുകിട്ടുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, നിലവിലെ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പൂർണ്ണമായി പാലിച്ചാൽ മാത്രമേ ഈ ആസ്തി വിട്ടുനൽകുകയുള്ളൂ എന്നാണ് അമേരിക്കയുടെ മറുപടി. കൂടാതെ, ഇങ്ങനെ വിട്ടുനൽകുന്ന 600 കോടി ഡോളർ ഉപയോഗിച്ച് ഇറാൻ തങ്ങളുടെ കാർഷികോൽപ്പന്നങ്ങൾ വാങ്ങുമെന്നും അമേരിക്ക കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രയേലിന്റെ കടുത്ത എതിർപ്പ് വകവയ്ക്കാതെയാണ് ട്രംപ് ഇറാൻ സംഘർഷത്തെ ലെബനോണിലെ വെടിനിർത്തലുമായി ബന്ധിപ്പിക്കുന്നതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് കുറ്റപ്പെടുത്തി. ഹിസ്ബുല്ലയെ പൂർണ്ണമായി നിരായുധീകരിക്കുന്നതു വരെ ലെബനോണിൽ സൈനിക നടപടികളുമായി തുടരാൻ ഇസ്രയേലിന് അമേരിക്കയുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട കാട്സ്, ഇറാനുമായുള്ള യുഎസിന്റെ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ വീണ്ടും ആക്രമണം അഴിച്ചുവിടുമെന്ന കടുത്ത മുന്നറിയിപ്പും നൽകി. അതിനിടെ, ഹോർമൂസ് കടലിടുക്കിൽ ഒമാനോട് ചേർന്നുള്ള ബദൽ കപ്പൽപ്പാത അനുവദിക്കില്ലെന്ന കടുത്ത നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. ഹോർമൂസിലെ കപ്പൽപ്പാതയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ഒമാൻ സഹകരിച്ചില്ലെങ്കിൽ, ആവശ്യമായ നടപടികൾ ഇറാൻ സ്വയം നടപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചർച്ചകളിലെ ഈ ഭിന്നതകളും കടുത്ത നിലപാടുകളും പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതിസന്ധി രൂക്ഷമാക്കുകയാണ്.



