കൊച്ചി: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഹെൽത്ത് കെയർ കോഡിംഗ് കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെയുള്ള ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിലെത്തും. അമേരിക്കൻ ആശുപത്രികളിലെ രോഗികളുടെ രജിസ്ട്രേഷൻ, ക്ലിനിക്കൽ ഡോക്യുമെന്റേഷൻ, ഇൻഷുറൻസ്, ബിൽ മാനേജ്‌മെന്റ് തുടങ്ങിയ സമ്പൂർണ്ണ ആരോഗ്യ സേവനങ്ങൾ നൽകുന്ന ഈ സ്ഥാപനം 2021-ലാണ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ തൊഴിൽ നൈപുണ്യം കണക്കിലെടുത്ത് 2024-ൽ കോഴിക്കോട്ടും ഒരു ബ്രാഞ്ച് ആരംഭിച്ചിരുന്നു. രാജ്യത്തുടനീളം ലക്ഷക്കണക്കിന് ജീവനക്കാരുള്ള കമ്പനിയിൽ, തൊഴിൽ ചൂഷണങ്ങൾക്കെതിരെ കേരളത്തിലെ ജീവനക്കാർ പ്രതികരിക്കാൻ തുടങ്ങിയതാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണമായത്. ശമ്പളവർദ്ധനവ്, സമയക്രമീകരണം എന്നിവ ചോദിക്കുന്നവരോട് കോർപ്പറേറ്റ് ശൈലിയിലുള്ള മോശം പെരുമാറ്റം, പരിമിതമായ സ്ഥാനക്കയറ്റം, പ്രവർത്തനക്ഷമത കുറവാണെന്ന് കാണിച്ച് തർക്കങ്ങളുണ്ടാക്കൽ എന്നിവയാണ് കമ്പനി സ്വീകരിച്ചിരുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. കഴിഞ്ഞ വർഷം ബംഗളൂരുവിൽ മോശം പ്രകടനത്തിന്റെ പേരിൽ 200 പേരെ പിരിച്ചുവിട്ടപ്പോൾ കേരളത്തിൽ 300-ഓളം പേരാണ് ഇത്തരത്തിൽ ഇരകളാക്കപ്പെട്ടത്. ഇന്റേണുകളായും ട്രെയിനികളായും നിയമിക്കുന്നവരെ കാര്യസാധ്യത്തിന് ശേഷം ജോലി സ്ഥിരത നൽകാതെ പിരിച്ചുവിടുന്നതും ഇവിടെ പതിവായിരുന്നു.
ചൂഷണങ്ങൾക്കെതിരെ ജീവനക്കാരുടെ അമർഷം ശക്തമായതോടെ പ്രതികാര നടപടിയെന്നോണം ആദ്യം പത്തും പിന്നീട് അമ്പതും പേരെ കമ്പനി പുറത്താക്കി. ഒടുവിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥാപനം അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതോടെ ആയിരത്തിനടുത്ത് ജീവനക്കാരാണ് പെരുവഴിയിലായത്. കടം പെരുകിയെന്ന് കാണിച്ചാണ് കേരളത്തിലെ ജീവനക്കാരെ പിരിച്ചുവിട്ടതെങ്കിലും ഇതേ കമ്പനി ഉത്തർപ്രദേശിലേക്കും ബംഗളൂരുവിലേക്കും പുതിയ റിക്രൂട്ട്മെന്റുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നൂറിലധികം തൊഴിലാളികളുള്ള വലിയ കമ്പനികളുടെ പരിധിയിൽ വരുന്നതിനാൽ സർക്കാരിന് നോട്ടീസ് നൽകലും റീ-സ്‌കില്ലിംഗ് ഫണ്ടും പകുതി ശമ്പളം നൽകലുമൊക്കെ കോറോ ഹെൽത്തിന് ബാധ്യതയായതോടെയാണ് അവർ നിയമങ്ങളെ വെല്ലുവിളിക്കുന്നത്. സർക്കാർ ഇടപെട്ടിട്ടും ടെക്സാസിലെ കോർപ്പറേറ്റ് ഓഫീസിലിരുന്ന് ഇവിടുത്തെ തൊഴിൽ നിയമങ്ങളെയും പ്രസ്ഥാനങ്ങളെയും കമ്പനി വെല്ലുവിളിക്കുകയാണെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ജോലിക്ക് എത്താൻ ജീവനക്കാർ തീരുമാനിച്ചിരിക്കുന്നത്. സ്ഥാപനം തുറന്നില്ലെങ്കിൽ മുന്നിൽ ഇരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനം. കൊച്ചിയിലെ യോഗത്തിൽ പങ്കെടുക്കാൻ കോഴിക്കോട് നിന്നുള്ള പ്രതിനിധികളും എത്തും. കൂടാതെ, ഈ മാസം 10-ന് വിഷയത്തിൽ സർക്കാർ തലത്തിലുള്ള നിർണായക ചർച്ചയും നടക്കാനിരിക്കുകയാണ്.



