സി.ജെ.പി (CJP) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവർക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും ഇന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും നിർദേശിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജന്തർ മന്ദറിലേക്ക് പ്രതിഷേധിക്കാൻ എത്തുന്നതിനിടെ സർക്കാർ ഉത്തരവ് ലംഘിച്ചതിനും സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ അതിക്രമിച്ച് കയറിയതിനും രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി.
ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷം ഇന്നലെ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ അശുതോഷ് റാങ്കയും സൗരവ് ദാസും ജന്തർ മന്തറിൽ ഇനി പ്രതിഷേധിക്കില്ലെന്ന് കോടതിയിൽ ഉറപ്പ് നൽകി മാപ്പ് പറഞ്ഞിരുന്നു. സി.ജെ.പി നേതാക്കളുടെ മുൻകാല നടപടികളിലും വ്യവസ്ഥ ലംഘനങ്ങളിലും സ്പെഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇനി ജന്തർ മന്തറിൽ പ്രതിഷേധിക്കുകയോ അതിനായി ആഹ്വാനം ചെയ്യുകയോ ഇല്ലെന്ന ഉറപ്പിൽ ഇരുവരും പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ, സി.ജെ.പിയുടെ ഭാവി നീക്കങ്ങൾ നിർണ്ണായകമാണ്. ജന്തർ മന്തറിന് പകരം മറ്റൊരു വേദി കണ്ടെത്തി സമരം തുടരുമോ എന്ന ചോദ്യമുയരുമ്പോൾ, തുടർ സമരങ്ങളെക്കുറിച്ച് പാർട്ടിയിൽ കൂടിയാലോചനകൾ പുരോഗമിക്കുകയാണെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.



