ഭിന്നശേഷിയുള്ള കുട്ടികളെയും സാധാരണ കുട്ടികളെയും ഒരുമിച്ച് ചേർത്തുനിർത്തുന്ന ഇൻക്ലൂസീവ് വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ‘ചോക് 2026’ സംസ്ഥാനതല പുരസ്കാരം സ്വന്തമാക്കി അധ്യാപിക ഷീജ അജയൻ. ‘സ്പെൽസ് ആൻഡ് സ്റ്റോറീസ്’ (Spells and Stories) സ്ഥാപനത്തിലെ അധ്യാപികയായ ഷീജയെ മികച്ച ഇൻക്ലൂസീവ് പ്രീ-സ്കൂൾ അധ്യാപികയായാണ് തിരഞ്ഞെടുത്തത്. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാര വിതരണം.

കൊച്ചിയിലെ പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററും ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ചോക് 2026’ സംസ്ഥാനതല അധ്യാപക കോൺഫറൻസിന്റെ ഭാഗമായാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. ക്ലാസ് മുറികളിൽ എല്ലാത്തരം കുട്ടികൾക്കും തുല്യ പരിഗണനയും മികച്ച പിന്തുണയും നൽകി മാതൃകാപരമായ സേവനം കാഴ്ചവെച്ചതിനാണ് ഷീജ അജയന് ഈ അംഗീകാരം ലഭിച്ചത്.
ചടങ്ങിൽ വെച്ച് മികച്ച ഇൻക്ലൂസീവ് പ്രവർത്തനങ്ങൾ നടത്തിയ മറ്റ് സ്ഥാപനങ്ങൾക്കും അധ്യാപകർക്കുമുള്ള അവാർഡുകളും വിതരണം ചെയ്തു. പ്രയത്ന സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് ദാനം. ഇൻക്ലൂസീവ് വിദ്യാഭ്യാസ രംഗത്ത് കൂടുതൽ കരുത്തോടെ മുന്നേറാൻ ഇത്തരം അംഗീകാരങ്ങൾ അധ്യാപകർക്ക് വലിയ പ്രചോദനമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.



