കേന്ദ്രസർക്കാർ രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കുമ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി.ഡി. സതീശൻ ശ്രമിച്ചിരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. അന്ന് ഇന്ധനത്തിന്റെ അധിക നികുതി വേണ്ടെന്നുവെക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ശക്തമായി ആവശ്യപ്പെട്ട വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും, ആ വാക്ക് പാലിക്കാൻ ഇപ്പോൾ സതീശൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ സംസ്ഥാനത്ത് അതിഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. എണ്ണവിലയുടെ പൂർണ്ണമായ നിയന്ത്രണാധികാരം മുൻപ് കേന്ദ്ര സർക്കാരിന്റെ കൈകളിലായിരുന്നുവെന്നും, എന്നാൽ ആ അധികാരം ഉപേക്ഷിച്ച് വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തത് മുൻ യു.പി.എ സർക്കാരാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടStyle. ആ ജനദ്രോഹ നയം തന്നെയാണ് ഇപ്പോഴത്തെ ബി.ജെ.പി സർക്കാരും അതിശക്തമായി തുടരുന്നത്. ഇതിലൂടെ രണ്ട് ലക്ഷം കോടി രൂപയുടെ കൊള്ളലാഭമാണ് എണ്ണക്കമ്പനികൾ ഉണ്ടാക്കിയെടുത്തത്. അമേരിക്കൻ മുൻ പ്രസിഡന്റ് ട്രംപിന് താല്പര്യമില്ല എന്ന കാരണത്താലാണ് ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെച്ചത്. ഇതിലൂടെ രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്ക് മുന്നിൽ പണയപ്പെടുത്തുകയാണ് ചെയ്തത്. ഇന്ധനവില വർദ്ധനവ് മൂലം രാസവളം, കൃഷി, ചരക്ക് ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും വരും ദിവസങ്ങളിൽ അതിരൂക്ഷമായ വിലക്കയറ്റവും വൻതോതിലുള്ള പണപ്പെരുപ്പവും ഉണ്ടാകും. കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ ഒത്താശ ചെയ്യുമ്പോൾ, അതിനെതിരെ ഒരക്ഷരം പോലും വിമർശിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ധനവില വർദ്ധനവ് മൂലം വരാൻ പോകുന്നത് സാധാരണ പ്രതിസദ്ധിയല്ലെന്നും, ഇത് കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയെപ്പോലും തകിടം മറിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. ഈ അമിതഭാരമെല്ലാം ഒടുവിൽ വന്ന് വീഴുന്നത് സാധാരണക്കാരായ ജനങ്ങളുടെ തലയിലാണ്. എന്നാൽ, 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചിരുന്നില്ലെന്നും, 2018-ൽ ജനങ്ങളെ സഹായിക്കാനായി സംസ്ഥാന നികുതി കുറച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ഇപ്പോഴത്തെ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണം. ധവളപത്രം വരുമ്പോൾ ബാക്കി കാര്യങ്ങൾ കാണാമെന്നും, വെറുതെ ഉമ്മാക്കി കാണിച്ച് തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും പിണറായി വിജയൻ ഭരണപക്ഷത്തിന് മുന്നറിയിപ്പ് നൽകി. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനോ അവരെ വിമർശിക്കാനോ സർക്കാർ ഭയപ്പെടുകയാണ്. കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ അധിക എക്സൈസ് നികുതി പൂർണ്ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാരിന് എന്താണ് തടസ്സമെന്നും അദ്ദേഹം സഭയിൽ ചോദിച്ചു.



