പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ കടുത്ത ജനകീയ പ്രശ്നമായ വിലക്കയറ്റം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷം ആദ്യ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിപക്ഷ നിരയിൽ നിന്നും സി.പി.ഐ.എമ്മിലെ കെ.എൻ. ബാലഗോപാലാണ് സഭയിൽ ഈ വിഷയം ഉന്നയിച്ചത്. ഇന്ധനവില വർദ്ധനവ് ഗൗരവമായി പരിശോധിച്ച ശേഷം സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയെ അറിയിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ നടപടിയെടുക്കാൻ പത്തുദിവസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ അടിയന്തരമായ തീരുമാനങ്ങളിലേക്ക് കടക്കാതെ, പിന്നീട് തീരുമാനമാകാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി സഭയെ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയ കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ഇന്ധനവില വർദ്ധനവിനെതിരെ അധിക നികുതി കുറച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ശക്തമായി സമരം നയിച്ച വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും, ഇപ്പോൾ അദ്ദേഹം പറയുന്ന ന്യായങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ബാലഗോപാൽ ചൂണ്ടിക്കാണിച്ചു.
ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിരന്തരമായി ഇന്ധനവിലയും പാചകവാതക വിലയും വർദ്ധിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയത്. മെയ് 15 മുതൽ ഇതുവരെ നാല് തവണയാണ് ഇന്ധനവില വർദ്ധിപ്പിച്ചത്. വരും ദിവസങ്ങളിലും വില ഇനിയും കൂടുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇത്തരമൊരു വലിയ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, വിലക്കയറ്റം ജനങ്ങളിലുണ്ടാക്കുന്ന സാമൂഹ്യ ആഘാതങ്ങളെക്കുറിച്ച് പഠിക്കാതെ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായി പഠിക്കണമെങ്കിൽ നിലവിലെ അനിശ്ചിതത്വം അവസാനിക്കേണ്ടതുണ്ടെന്നും അതിനായി കുറച്ചു ദിവസങ്ങൾ കൂടി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സംസ്ഥാനത്തെ സാഹചര്യം അങ്ങേയറ്റം അടിയന്തരമാണെന്നും ഇന്ധനവില കുതിച്ചുയരുന്നത് മൂലം നിർമ്മാണ മേഖലയടക്കം പൂർണ്ണമായി പ്രതിസന്ധിയിലാണെന്നും കെ.എൻ. ബാലഗോപാൽ മറുപടി നൽകി. വാണിജ്യ സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് വർദ്ധിപ്പിച്ചു. ഇതിന് പിന്നാലെ പെട്രോൾ, ഡീസൽ, നിർമ്മാണ ആവശ്യങ്ങൾക്കുള്ള ടാർ, ബിറ്റുമിൻ എന്നിവയുടെ വിലയും വലിയ തോതിൽ ഉയർന്നു. വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ വർദ്ധനവും പ്രതിസന്ധി ഇരട്ടിയാക്കുന്നു. മുൻപ് ഇത്തരത്തിൽ വിലവർദ്ധനവുണ്ടായപ്പോൾ മുൻ പ്രതിപക്ഷ നേതാവ് സഭയിൽ ശബ്ദമുയർത്തിയതും നാടുനീളെ സമരങ്ങൾ നടന്നതും നാമെല്ലാം കണ്ടതാണെന്ന് അദ്ദേഹം ഭരണപക്ഷത്തെ ഓർമ്മിപ്പിച്ചു. ഇന്ധനവില വർദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെയും നാട്ടിലെ എല്ലാ മേഖലകളെയും ബാധിക്കുന്നതിനാൽ കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ തങ്ങളുടെ ശക്തമായ വിയോജിപ്പ് അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സംസ്ഥാന സർക്കാർ അതിന് കൂട്ടുനിൽക്കുകയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.
ജനങ്ങളുടെ ഈ കടുത്ത പ്രതിസന്ധി പരിഹരിക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിൽ സംസ്ഥാന സർക്കാരിനുണ്ട്. അതുകൊണ്ട് തീരുമാനമാകട്ടെ എന്ന് പറഞ്ഞ് നിഷ്ക്രിയമായി ഇരിക്കാൻ കഴിയില്ല. ഈ ആദ്യ അടിയന്തര പ്രമേയത്തിലൂടെ ഭരണപക്ഷത്തെ കേവലം പ്രതിക്കൂട്ടിൽ ആക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും, മറിച്ച് ജനജീവിതം അങ്ങേയറ്റം ദുസഹമായതിനാൽ സഭാനടപടികൾ നിർത്തിവെച്ച് ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാഷ്ട്രീയമായി പ്രതിക്കൂട്ടിലാകാൻ ഒന്നുമില്ലാത്ത സാഹചര്യത്തിൽ, താൻ പറഞ്ഞ കാര്യങ്ങൾ കൃത്യമായി പാലിക്കുന്ന ആളാണ് താനെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിക്ക് ലഭിച്ച അവസരമാണിതെന്നും ബാലഗോപാൽ പറഞ്ഞു. എന്നാൽ ഇന്ധന നികുതി മുഴുവനായി ഒഴിവാക്കാൻ സർക്കാരിന് കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ കർശന നിലപാടെടുത്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 3100 കോടി രൂപയുടെ അധിക വരുമാനമുണ്ടായിട്ടും ഇന്ധന നികുതിയിൽ ഒരു രൂപ പോലും കുറച്ചിരുന്നില്ല. നികുതി കുറയ്ക്കുന്ന തരത്തിലുള്ള മണ്ടത്തരങ്ങൾ തങ്ങൾ കാണിക്കില്ലെന്നാണ് അന്ന് ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്ക് സഭയിൽ വ്യക്തമാക്കിയത്. മുൻ ധനകാര്യ മന്ത്രി അന്ന് പറഞ്ഞതുപോലെയുള്ള മണ്ടത്തരം ചെയ്യാൻ വേണ്ടിയാണോ ഇപ്പോൾ പ്രതിപക്ഷം തന്നെ ഉപദേശിക്കുന്നതെന്നും മുഖ്യമന്ത്രി സഭയിൽ തിരിച്ചടിച്ചു.



