ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ നിന്നുള്ള പോരാട്ടങ്ങൾ പൂർത്തിയായപ്പോൾ വമ്പൻ അട്ടിമറികളോടെ സ്പെയിനും കുഞ്ഞൻമാരായ കേപ് വെർദെയും നോക്കൗട്ടിലേക്ക് യോഗ്യത നേടി. മുൻ ലോക ചാമ്പ്യൻമാരായ യുറുഗ്വായ് പ്രീക്വാർട്ടർ കാണാതെ നാടകീയമായി പുറത്തായതാണ് ഗ്രൂപ്പിലെ ഏറ്റവും വലിയ തിരിച്ചടി. നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്പെയിനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് യുറുഗ്വായുടെ ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞത്. സ്പെയിനോട് തോൽക്കുകയും കേപ് വെർദെ, സൗദി അറേബ്യ എന്നിവരോട് സമനില വഴങ്ങുകയും ചെയ്ത ലാറ്റിനമേരിക്കൻ കരുത്തർക്ക് വെറും രണ്ട് പോയിന്റോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ടൂർണമെന്റിലെ നിയമപ്രകാരം എട്ട് മികച്ച മൂന്നാം സ്ഥാനക്കാർക്ക് റൗണ്ട് ഓഫ് 32ലേക്ക് പ്രവേശനമുണ്ടെങ്കിലും രണ്ട് പോയിന്റ് മാത്രമുള്ള യുറുഗ്വായ് നിലവിൽ ഈ പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്. ഇതോടെയാണ് മുൻ ചാമ്പ്യന്മാർക്ക് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തേക്കുള്ള വഴിതുറന്നത്.അതേസമയം, ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് നോക്കൗട്ടിലേക്ക് കുതിച്ച് ആഫ്രിക്കൻ രാജ്യമായ കേപ് വെർദെ ചരിത്രം കുറിച്ചു. തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഏഷ്യൻ ശക്തികളായ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് ഈ കുഞ്ഞൻ രാജ്യം ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിയത്. കളിച്ച മൂന്ന് മത്സരങ്ങളിലും സമനില പാലിച്ച് മൂന്ന് പോയിന്റ് സ്വന്തമാക്കിയ കേപ് വെർദെ, സ്പെയിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റോടെ സ്പെയിൻ ഗ്രൂപ്പ് ജേതാക്കളായി അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. ആദ്യ മത്സരത്തിൽ കേപ് വെർദെയോട് അപ്രതീക്ഷിത സമനില വഴങ്ങിയെങ്കിലും പിന്നീട് സൗദി അറേബ്യയെയും ഉറുഗ്വായെയും പരാജയപ്പെടുത്തിയാണ് മുൻ ചാമ്പ്യൻമാരായ സ്പെയിൻ തങ്ങളുടെ ആധിപത്യം വീണ്ടെടുത്തത്.
Tags:
You can share this post!
administrator



