പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണെന്നും പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ അന്തസ്സ് അദ്ദേഹം കളഞ്ഞുകുളിച്ചെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറിയെന്നും തങ്ങൾ പ്രതിപക്ഷത്തിരുന്ന കാലഘട്ടത്തിൽ പോലും ഇത്തരം അതിരുകൾ ലംഘിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് കലാപനീക്കമാണ് നടത്തിയതെന്ന് ആരോപിച്ച ബി.ജെ.പി, തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ചർച്ചകൾക്ക് സർക്കാർ തയ്യാറായിട്ടും സമരം വഷളാക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും ഭരണപക്ഷം ആരോപിക്കുന്നു.
അതിനിടെ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് പ്രക്ഷുബ്ധമാകാൻ സാധ്യതയേറി. വിഷയത്തിൽ അടിയന്തര ചർച്ച വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കളെ പോലീസ് വലിച്ചിഴച്ച സംഭവത്തോടെ പ്രതിപക്ഷ പ്രതിഷേധം കൂടുതൽ ശക്തമായിരിക്കുകയാണ്. മറുവശത്ത്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ വ്യക്തമാക്കി. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) തുടങ്ങിയ സമരത്തിന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കൂടി ലഭിച്ചതോടെ കേന്ദ്ര സർക്കാർ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. രണ്ടു ദിവസമായി ഡൽഹിയിൽ പോലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.



