സിഎംആർഎൽ – എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പദവി രാജിവയ്ക്കണമെന്ന് കേസിലെ പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജ് ആവശ്യപ്പെട്ടു. പിണറായി വിജയൻ മുൻപ് വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ തുടങ്ങിയ അഴിമതികളുടെ തുടർച്ചയാണിതെന്നും, ഈ അഴിമതിപ്പണത്തിന് കുടപിടിക്കാനാണ് വീണയുടെ സ്ഥാപനങ്ങൾ പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഹവാല ഇടപാടുകൾ ഉൾപ്പെടെ പുറത്തുവന്ന സാഹചര്യത്തിൽ ഉളുപ്പുണ്ടെങ്കിൽ പിണറായി രാജിവെക്കാൻ തയ്യാറാകണമെന്നും, യാതൊരു സേവനവും നൽകാതെ വീണ കൈപ്പറ്റിയ തുക മുഴുവൻ പിണറായിക്ക് ലഭിച്ച കൈക്കൂലിയാണെന്നും ഷോൺ ജോർജ് പറഞ്ഞു.
ഗൾഫിൽ നിന്നും അമേരിക്കയിലേക്ക് പണം പോയെന്നും തോറിയം കടത്ത് ഉൾപ്പെടെ നടന്നിട്ടുണ്ടെങ്കിൽ ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹവാല പണം കടത്തിയിട്ടുണ്ടെങ്കിൽ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയുകയാണെന്നും, അന്വേഷണം ശരിയായ ദിശയിലാണെന്ന് ഇഡിയുടെ വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായിയെ മാറ്റിനിർത്താൻ സിപിഐഎം തയ്യാറാകണമെന്ന് ആവശ്യപ്പെട്ട ഷോൺ ജോർജ്, റൈഡ് നടക്കുന്നത് മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടല്ലെന്നും വീണയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണെന്നും വ്യക്തമാക്കി.



