കൊല്ലം: ദേശീയപാതയിൽ പുലർച്ചെയുണ്ടായ ദാരുണമായ ബൈക്കപകടത്തിൽ ഇരുപതുകാരനായ യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കല്ലമ്പലം ചേന്നൻകോട് മധുരക്കോട് തിരുവാതിരയിൽ ബാബു-അജിത ദമ്പതികളുടെ ഏക മകനായ അരുൺ കൃഷ്ണ (അക്കുടു) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്തുക്കളായ മാവിൻമൂട് സ്വദേശി ശ്യാം, നെല്ലിക്കോട് സ്വദേശി ബാലു എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിവരികയാണ്. നാവായിക്കുളം 28 മൈൽ മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് ആറ്റിങ്ങൽ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിൽ സ്ഥാപിച്ചിരുന്ന വലിയ ഇരുമ്പ് ബാരിക്കേഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ ബാരിക്കേഡ് തകർത്ത് ബൈക്ക് സമീപത്തെ സുരക്ഷാ കമ്പികൾക്കിടയിലേക്ക് തെറിച്ചുവീണു. അപകടസ്ഥലത്തെ കമ്പികൾക്കിടയിൽ കുടുങ്ങിക്കിടന്ന അരുൺ കൃഷ്ണയെ ഓടിയെത്തിയ നാട്ടുകാരാണ് ഏറെ പ്രയത്നപ്പെട്ട് പുറത്തെടുത്തതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



