ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടും സംസ്ഥാന കായിക വകുപ്പിൽ നിന്നും മന്ത്രിയിൽ നിന്നും മുഖ്യമന്ത്രിയിൽ നിന്നും യാതൊരുവിധ അഭിനന്ദനമോ നേരിട്ടുള്ള ബന്ധപ്പെടലോ ഉണ്ടായില്ലെന്ന് തുറന്നടിച്ച് ലോങ് ജംപ് താരം ആൻസി സോജൻ. മറ്റിടങ്ങളിൽ കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണ കാണുമ്പോൾ വലിയ സങ്കടം തോന്നാറുണ്ടെന്നും തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച പാരിതോഷികങ്ങൾ ഇതിനകം നൽകിക്കഴിഞ്ഞിട്ടും കേരളത്തിലെ സാഹചര്യം പഴയതുപോലെ തന്നെയാണെന്നും അവർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മുഖ്യമന്ത്രി പങ്കെടുക്കുന്ന കായിക വകുപ്പിന്റെ ആദരിക്കൽ ചടങ്ങിലേക്ക് ഒടുവിൽ തീയതിക്ക് തൊട്ടുമുഴുവേൻ ക്ഷണമെത്തിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും യാത്ര സൗകര്യങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ആൻസി കുറ്റപ്പെടുത്തി. കേരളത്തിൽ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എപ്പോഴാണ് ലഭിക്കുകയെന്ന് വ്യക്തതയില്ലെന്നും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ തുക വളരെ കുറവാണെന്നും അവർ ചൂണ്ടിക്കാണിച്ചു. സ്വർണത്തിന് അൻപതും വെള്ളിയ്ക്ക് മുപ്പതും വെങ്കലത്തിന് ഇരുപതും ലക്ഷം രൂപയും പങ്കെടുക്കുന്നവർക്ക് മുൻകൂറായി ഒരു ലക്ഷവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പരിശീലകർക്കും തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാരിതോഷിക തുക വർധിപ്പിക്കാൻ തയാറാകണമെന്നും, ചിലപ്പോഴൊക്കെ കേരളം വിട്ട് മറ്റൊരു സംസ്ഥാനത്തേക്ക് മാറിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നിപ്പോകാറുണ്ടെന്നും ആൻസി കൂട്ടിച്ചേർത്തു.



