ചിക്കാഗോ: അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഉയർന്ന പടക്കങ്ങൾ ലാൻഡിംഗിന് തൊട്ടുമുമ്പ് യാത്രാവിമാനത്തിലിടിച്ച് പൊട്ടിത്തെറിച്ചു. ചിക്കാഗോയിലെ മിഡ്വേ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇറങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഡെൽറ്റ എയർലൈൻസിന്റെ ഫ്ലൈറ്റ് 1076 എന്ന എയർബസ് എ319 വിമാനത്തിൽ പടക്കം തട്ടിയത്. അറ്റ്ലാന്റയിൽ നിന്നും 52 യാത്രക്കാരും 6 ജീവനക്കാരുമായി എത്തിയ വിമാനം റൺവേയ്ക്ക് തൊട്ടുമുകളിൽ ഏകദേശം 200 മുതൽ 250 അടി വരെ ഉയരത്തിൽ പറക്കുമ്പോഴാണ് സംഭവം. താഴേക്ക് ഇറങ്ങുന്ന സമയത്ത് അതിശക്തമായ ഒരു ശബ്ദം കേട്ടതായി വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളറെ അറിയിക്കുകയായിരുന്നു. വിമാനത്തിന്റെ അടിഭാഗത്ത് വെടിക്കെട്ടിന് ഉപയോഗിക്കുന്ന വസ്തു പൊട്ടിത്തെറിച്ചതാകാമെന്നാണ് പൈലറ്റ് വ്യക്തമാക്കിയത്. ജനവാസ മേഖലകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ വൻതോതിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് വിമാനങ്ങൾക്ക് ഭീഷണിയാകുന്നതിനെക്കുറിച്ച് മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് എയർ ട്രാഫിക് കൺട്രോളർ ഇതിന് മറുപടി നൽകി.
രാത്രി 8:30ഓടെ വിമാനം സുരക്ഷിതമായി എയർപോർട്ടിൽ ഇറക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കുകളൊന്നുമില്ലെന്ന് ഡെൽറ്റ എയർലൈൻസ് അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ പെയിന്റിന് നേരിയ കേടുപാടുകൾ സംഭവിച്ചതൊഴിച്ചാൽ മറ്റ് വലിയ തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തെ തുടർന്ന് കൺട്രോൾ റൂമിൽ നിന്നും മേഖലയിലെ മറ്റ് വിമാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. വിമാന സുരക്ഷയെ ബാധിക്കുന്ന ഈ ഗുരുതരമായ സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



