പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. വീട്ടിലെ ബാത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നായിരുന്നു അന്ത്യം. സംഭവത്തിൽ വെർസോവ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്ഷൻ, ക്രൈം ത്രില്ലർ സിനിമകളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ അദ്ദേഹം ‘കാണ്ടേ’, ‘ഷൂട്ട്ഔട്ട് അറ്റ് വഡാല’, ‘കാബിൽ’ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
1994-ൽ പുറത്തിറങ്ങിയ ‘ആതിഷ്: ഫീൽ ദി ഫയർ’ എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ഗുപ്ത ചലച്ചിത്ര സംവിധാനരംഗത്തേക്ക് എത്തിയത്. തുടർന്ന് 2002-ൽ അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, മഹേഷ് മഞ്ജരേക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘കാണ്ടേ’ അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി. മുംബൈ അധോലോകത്തിന്റെയും കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. ഹോളിവുഡ്, കൊറിയൻ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തിയ വ്യത്യസ്തമായ പരീക്ഷണങ്ങളാണ് അദ്ദേഹത്തെ ബോളിവുഡ് സംവിധായകർക്കിടയിൽ ശ്രദ്ധേയനാക്കിയത്.



