India Mirror News

എഐയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ മൈക്രോസോഫ്റ്റ്: 60,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ ഓഫർ

എഐയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ മൈക്രോസോഫ്റ്റ്: 60,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ ഓഫർ

ചെലവ് കുറയ്ക്കുന്നതിനും പ്രവർത്തനരീതികൾ പുനഃസംഘടിപ്പിക്കുന്നതിനുമായി ജീവനക്കാർക്ക് സ്വയം വിരമിക്കൽ ഓഫറുമായി മൈക്രോസോഫ്റ്റ് രംഗത്തെത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. ഏകദേശം 60,000 ജീവനക്കാർക്കാണ് കമ്പനി സ്വമേധയാ ജോലി ഉപേക്ഷിക്കാനുള്ള അവസരം നൽകിയിരിക്കുന്നത്. ഒക്ടോബർ 26 തിങ്കളാഴ്ച മൈക്രോസോഫ്റ്റിന്റെ ചീഫ് പീപ്പിൾ ഓഫീസർ എമി കോൾമാൻ ആഭ്യന്തര മെമ്മോയിലൂടെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ‘വൊളന്ററി എക്സിറ്റ് ഓഫർ’ എന്ന പേരിലുള്ള പദ്ധതിയിലൂടെ അർഹരായ ജീവനക്കാർക്ക് സാമ്പത്തിക ആനുകൂല്യങ്ങളോടെ കമ്പനിയിൽനിന്ന് സ്വമേധയാ പിരിഞ്ഞുപോകാം. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളിലെ തിരഞ്ഞെടുത്ത ജീവനക്കാർക്കാണ് ഈ ഓഫർ ലഭിക്കുക. കമ്പനിയുടെ ആകെ ജീവനക്കാരിൽ നാലിലൊന്നിലധികം വരുന്ന ഏകദേശം 60,000 പേരാണ് പദ്ധതിയുടെ പരിധിയിലുള്ളത്. ജോലി ഉപേക്ഷിക്കുന്നവർക്ക് സാമ്പത്തിക സഹായത്തിനൊപ്പം കരിയർ ആസൂത്രണത്തിനുള്ള പിന്തുണയും കമ്പനി വാഗ്‍ദാനം ചെയ്യുന്നുണ്ട്.

എങ്കിലും ഭൂരിഭാഗം ജീവനക്കാരും ഓഫർ സ്വീകരിക്കില്ലെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രതീക്ഷ. ‘ബിസിനസ് ഇൻസൈഡർ’ റിപ്പോർട്ട് പ്രകാരം, കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എമി ഹുഡ് വളരെ കുറച്ച് ജീവനക്കാർ മാത്രമേ ഈ അവസരം പ്രയോജനപ്പെടുത്തുകയുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൈക്രോസോഫ്റ്റിലെ വളർച്ചാ സാധ്യതകളാണ് ജീവനക്കാരെ കമ്പനിയിൽ തുടരാൻ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. 3,000 പേരോ അതിൽ താഴെയോ മാത്രമേ ഓഫർ സ്വീകരിക്കൂവെന്ന് മൈക്രോസോഫ്റ്റ് വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്ക, കാനഡ, ഇന്ത്യ, ബ്രിട്ടൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന 70-ാം ഗ്രേഡോ അതിൽ താഴെയോ ഉള്ള അർഹരായ ജീവനക്കാർക്കാണ് ഓഫർ ലഭിക്കുക. എക്സ്ബോക്സ്, വിൻഡോസ്, കോപൈലറ്റ്, ധനകാര്യ വിഭാഗങ്ങൾ തുടങ്ങിയവയിലെ തിരഞ്ഞെടുത്ത ടീമുകൾ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും ഡാറ്റാ സെന്ററുകൾ, വിൽപ്പന, വിപണനം, സൈബർ സുരക്ഷ, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളിലെ ചില ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഓഫർ സ്വീകരിക്കണോ എന്ന കാര്യത്തിൽ ജീവനക്കാർക്ക് ഡിസംബർ ആദ്യവാരം വരെ തീരുമാനമെടുക്കാം. പദ്ധതി സ്വീകരിക്കുന്നവർ വർഷാവസാനത്തോടെ കമ്പനിയിൽനിന്ന് പിരിഞ്ഞുപോകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *