തീരദേശ മേഖലകളിൽ കനത്ത നാശം വിതച്ച അർണബ് ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമർദമായി മാറി. യാനം, ആന്ധ്രാപ്രദേശ്, ഒഡീഷ മേഖലകളിൽ വൻ നാശനഷ്ടങ്ങളാണ് കാറ്റ് വിതച്ചത്. ആന്ധ്രാപ്രദേശിൽ കനത്ത മഴയിലും കാറ്റിലും പെട്ട് വൈദ്യുതാഘാതമേറ്റും മരംവീണും അഞ്ച് പേർ മരണപ്പെട്ടു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയതു മുതൽ ആന്ധ്രാ തീരത്ത് ശക്തമായ മഴയും മണിക്കൂറിൽ 125 മുതൽ 150 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും വീശിയടിച്ചിരുന്നു. പത്ത് മണിക്കൂറിലധികം നീണ്ട ലാൻഡ് ഫാൾ പ്രക്രിയയ്ക്കൊടുവിലാണ് കാറ്റിന്റെ ശക്തി കുറഞ്ഞത്.
ദുരന്തത്തിൽ വലിയ തോതിലുള്ള കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 70,900 ഹെക്ടറിലെ നെൽകൃഷി ഉൾപ്പെടെ ആകെ 81,350 ഹെക്ടറിലെ കാർഷിക വിളകൾ പൂർണ്ണമായും നശിച്ചു. പതിനൊന്ന് ജില്ലകളിലായി 25 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മരങ്ങളും പോസ്റ്റുകളും വ്യാപകമായി കടപുഴകി വീണതിനെ തുടർന്ന് നൂറിലധികം വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. കൊനസീമ, കാക്കിനഡ, വിശാഖപട്ടണം, യാനം തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. പലയിടങ്ങളിലും 30 സെന്റീമീറ്റർ വരെ മഴ രേഖപ്പെടുത്തിയതോടെ പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. കൂടാതെ ഒഡീഷ, പശ്ചിമബംഗാൾ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും അർണബിന്റെ പ്രഭാവത്താൽ ശക്തമായ മഴയും കാറ്റും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.



