India Mirror News

അഞ്ചര ലക്ഷത്തിന്റെ വിദേശ മരുന്നിന് പകരം 15,000 രൂപയുടെ ഇന്ത്യൻ മരുന്ന്: ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.മുരളീധരൻ

അഞ്ചര ലക്ഷത്തിന്റെ വിദേശ മരുന്നിന് പകരം 15,000 രൂപയുടെ ഇന്ത്യൻ മരുന്ന്: ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.മുരളീധരൻ

സ്പൈനൽ മസ്‌കുലർ അട്രോഫി (SMA) ബാധിച്ച കുട്ടികൾക്കുള്ള ചികിത്സയിൽ വിദേശ മരുന്നിനു പകരം ഇന്ത്യൻ നിർമിത ജനറിക് മരുന്ന് നൽകാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ രംഗത്തെത്തി. കുട്ടികൾക്ക് നൽകുന്ന പുതിയ ഇന്ത്യൻ മരുന്ന് വളരെ ഗുണപ്രദമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചതെന്നും, ഇതുവരെ മരുന്നിന്റെ ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപമൊന്നും ഉയർന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്താണ് ഇന്ത്യൻ കമ്പനിയുടെ പുതിയ മരുന്ന് നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ബോട്ടിലിന് അഞ്ചര ലക്ഷം രൂപ വിലയുള്ള വിദേശ കമ്പനിയുടെ റിസ്ഡിപ്ലാം മരുന്നാണ് സർക്കാർ സൗജന്യമായി നൽകിയിരുന്നതെങ്കിൽ, പുതിയ തീരുമാനപ്രകാരം നാറ്റ്‌കോ എന്ന ഇന്ത്യൻ കമ്പനിയുടെ 15,000 രൂപ വിലയുള്ള ജനറിക് മരുന്നാണ് ലഭ്യമാക്കുന്നത്. വിലകുറഞ്ഞതും ഇന്ത്യൻ നിർമിതവുമായ മരുന്നുകളെക്കാൾ പലർക്കും ഇപ്പോഴും വിശ്വാസം വിദേശ മരുന്നുകളോടാണെന്നും എന്നാൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും കുട്ടികൾക്കുള്ള മരുന്ന് ഉൽപാദിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു പറയാൻ കഴിയുമെന്നും മന്ത്രി ചോദിച്ചു. കുട്ടികളുടെ നന്മയ്ക്കായി എത്ര ലക്ഷം വേണമെങ്കിലും ചെലവഴിക്കാൻ സർക്കാർ തയാറാണെങ്കിലും, ഗുണമേന്മയുള്ള വിലകുറഞ്ഞ മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ കുട്ടികൾക്ക് സൗജന്യമായി ചികിത്സ നൽകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽനിന്നു നാലു രോഗികൾക്കു നൽകിയ മരുന്ന് പായ്ക്കറ്റുകളിൽ ‘ഫിസിഷ്യൻ സാംപിൾ, ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്നു രേഖപ്പെടുത്തിയത് മാതാപിതാക്കളിൽ വലിയ ആശങ്കയ്ക്കും കുട്ടികളെ പരീക്ഷണവസ്തുവാക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപത്തിനും ഇടയാക്കിയിട്ടുണ്ട്. മരുന്ന് മാറുമ്പോൾ കുട്ടികൾക്ക് ഇതുവരെയുണ്ടായ ഗുണപരമായ പുരോഗതി നഷ്ടപ്പെടുമോ എന്നാണ് മാതാപിതാക്കളുടെ ആശങ്ക. ഈ വിഷയത്തിൽ ആരെങ്കിലും പരാതി നൽകിയാൽ അന്വേഷിക്കാൻ സർക്കാർ തയാറാണെന്നും ഏതെങ്കിലും വിദഗ്ധ ഡോക്ടർമാർക്ക് എതിരഭിപ്രായമുണ്ടെങ്കിൽ അതും പരിഗണിക്കാൻ ഒരുക്കമാണെന്നും മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *