India Mirror News

പാരമ്പര്യ നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

പാരമ്പര്യ നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

വയനാട്ടിലെ പരമ്പരാഗത കർഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയത്തിന് താഴെ ഞരമ്പ് പൊട്ടിയതിനെ തുടർന്നായിരുന്നു അന്ത്യം. വയനാട്ടിലെ പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനും ‘കേരളത്തിന്റെ നെല്ലച്ഛൻ’ എന്ന് അറിയപ്പെട്ടിരുന്ന വ്യക്തിയുമാണ് അദ്ദേഹം. അപൂർവ്വവും പരമ്പരാഗതവുമായ 32-ഓളം നെല്ലിനങ്ങളും പച്ചക്കറികളും ഔഷധസസ്യങ്ങളും വരുംതലമുറയ്ക്കായി സ്വന്തം പുരയിടത്തിൽ കൃഷിചെയ്ത് സംരക്ഷിച്ച പോന്ന കുറിച്യ സമുദായക്കാരനായ ഇദ്ദേഹം, നെല്ലിനങ്ങളുടെ ഒരു ജീൻബാങ്കറായാണ് അറിയപ്പെട്ടിരുന്നത്.

കാർഷിക മേഖലയ്ക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം ഇദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. 2011-ൽ ഹൈദരാബാദിൽ നടന്ന 11 രാജ്യങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചതും ഇദ്ദേഹമാണ്. പരമ്പരാഗത കൃഷിരീതികളെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും നിരവധി വിദ്യാർത്ഥികളും കാർഷിക പ്രേമികളും നിത്യേന സന്ദർശിച്ചിരുന്ന വയനാട്ടിലെ അദ്ദേഹത്തിന്റെ തോട്ടം കാർഷിക ലോകത്തിന് വലിയൊരു പഠനകേന്ദ്രമായിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *