ഇന്ത്യൻ ചരിത്രത്തെയും പൂർവികരുടെ പോരാട്ടവീര്യത്തെയും പ്രമേയമാക്കി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന പാൻ-ഇന്ത്യൻ ചിത്രം ‘രണബാലി’ റിലീസിന് ഒരുങ്ങുന്നു. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം വിജയദശമി ദിനമായ ഒക്ടോബർ 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിച്ച് ടി-സീരീസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഓസ്‌ട്രേലിയൻ തിയേറ്റർ ലിസ്റ്റും അഡ്വാൻസ് ബുക്കിംഗും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് 30 മില്യണിലധികം കാഴ്ചക്കാരെ നേടി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അക്കാലത്ത് ജീവൻ പൊലിഞ്ഞ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മകൾക്ക് പ്രണാമമർപ്പിക്കുന്ന ഈ ചിത്രത്തിൽ ‘സിംഗനമല ബൊബ്ബിലി രണബാലി’ എന്ന വീരയോദ്ധാവായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. ജയമ്മയായി രശ്മിക മന്ദാന വേഷമിടുമ്പോൾ ഇവരുടെ പ്രണയപശ്ചാത്തലത്തിലുള്ള ‘എന്തയ്യ സാമി’ എന്ന ഗാനവും ജനശ്രദ്ധ നേടിയിരുന്നു. ‘ദ മമ്മി’ ഫെയിം അർണോൾഡ് വോസ്‌ലൂ സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ബ്രഹ്മാണ്ഡ ചിത്രത്തിനുണ്ട്.



