തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾക്കെതിരെ നിയമസഭയിൽ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിമർശിച്ച അദ്ദേഹം, തിരുവനന്തപുരം നഗരത്തിൽ വലിയ രീതിയിലുള്ള അഴിഞ്ഞാട്ടമാണ് നടന്നതെന്നും കുറ്റപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് തടയുകയും ജനറൽ ആശുപത്രിയിൽ രോഗികളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവെക്കുകയും ചെയ്തതായി അദ്ദേഹം നിയമസഭയിൽ ചൂണ്ടിക്കാട്ടി.
താൻ മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തൻ്റെ ഗൺമാന്മാരായ അനിൽകുമാർ, സന്ദീപ് എന്നിവരുടെ വീടുകളിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്ന വസ്തുതയും അദ്ദേഹം ഓർമ്മിപ്പിച്ചു. യൂത്ത് കോൺഗ്രസിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഇത്തരം അക്രമ സംഭവങ്ങൾ ഉയർന്നപ്പോഴാണ് തങ്ങൾക്ക് ഇടപെടേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി തന്നെ നേരിട്ട് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണെന്ന് പറഞ്ഞ പിണറായി വിജയൻ, യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിൽ നിന്ന് തന്നെ സമരത്തിന്റെ തുടക്കം കുറിക്കാൻ എന്തായിരുന്നു കാരണമെന്നും ചോദിച്ചു. കൂടാതെ അടൂർ നൈറ്റ് മാർച്ചിലുണ്ടായ സംഘർഷം പരാമർശിച്ച അദ്ദേഹം, രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് എടുത്തുപറയാതെ, പൊലീസ് വാഹനത്തിനുള്ളിൽ കയറി ആക്രമണം നടത്തിയ വ്യക്തിയുടെ വാക്ക് കേട്ടാണോ പൊലീസ് പ്രവർത്തിക്കുന്നതെന്നും നിയമസഭയിൽ ചോദിച്ചു.



