ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഒരു മാസത്തിനകം കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കും. എ.ഐയുടെ സുരക്ഷിതമായ ഉപയോഗം, ഡീപ്ഫേക്കുകൾ, മനുഷ്യകേന്ദ്രീകൃത സമീപനം, നൈപുണ്യ വികസനം എന്നിവയ്ക്കായിരിക്കും ഈ നിർദിഷ്ട രേഖയിൽ പ്രധാന പരിഗണന നൽകുകയെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് വ്യാഴാഴ്ച മന്ത്രി വ്യക്തമാക്കി എന്ന വാർത്ത റിപ്പോർട്ട് ചെയ്തത്.
എ.ഐ ഉപയോഗവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ, സൈബർ ഭീഷണികൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് പുതിയ നിയന്ത്രണ ചട്ടക്കൂടിൽ വലിയ പ്രാധാന്യം നൽകുമെന്നും നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്നും മന്ത്രി വ്യക്തമാക്കി. വ്യാജ ചിത്രങ്ങളും വീഡിയോകളും ശബ്ദരേഖകളും അടങ്ങുന്ന ഡീപ്ഫേക്കുകൾ സമൂഹത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഇടയാക്കുന്നത് സർക്കാരിന്റെ പ്രധാന ആശങ്കകളിലൊന്നാണ്. ഈ സാഹചര്യത്തിൽ നിയമങ്ങളും സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന ‘ടെക്നോ-ലീഗൽ’ സമീപനമാണ് ഇന്ത്യ സ്വീകരിക്കുക.
സാങ്കേതിക വ്യവസായ മേഖലയ്ക്കാണ് എ.ഐ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രാഥമിക ഉത്തരവാദിത്തമുള്ളതെന്ന് വ്യക്തമാക്കിയ കേന്ദ്രം, എ.ഐ വികസനം തൊഴിൽ മേഖലയെ ബാധിക്കാതിരിക്കാൻ നൈപുണ്യ വികസനത്തിനും മുൻഗണന നൽകും. മാറ്റങ്ങളുടെ കേന്ദ്രബിന്ദുവായി മനുഷ്യരെ കാണുന്ന മനുഷ്യകേന്ദ്രീകൃത സമീപനമായിരിക്കും ഇതിൽ സ്വീകരിക്കുക. വിവിധ മേഖലകളിലെ പങ്കാളികളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച ശേഷമായിരിക്കും രാജ്യത്തിന്റെ വിപുലമായ എ.ഐ നിയന്ത്രണ ചട്ടക്കൂടിന് അന്തിമരൂപം നൽകുക.



