മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡിവൈ.എഫ്.ഐയും എസ്.എഫ്.ഐയും പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നു. ഒക്ടോബർ ഒൻപതിന് രാജ്യത്തെ പ്രധാന നഗരങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും തുടർന്ന് ഇത് രാജ്യവ്യാപക പ്രക്ഷോഭമായി മാറ്റുമെന്നും നേതാക്കൾ അറിയിച്ചു. ഒക്ടോബർ പത്തിന് ഡൽഹി ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്നും സി.ജെ.പി സമരം ഉൾപ്പെടെയുള്ള മറ്റ് പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകുമെന്നും സംഘടനകൾ വ്യക്തമാക്കി. ഡൽഹി പൊലീസ് എവിടെ തടയുന്നുവോ, ആ സ്ഥലം ജന്തർ മന്തറാക്കി മാറ്റി പ്രതിഷേധിക്കുമെന്ന് അഭിജിത്ത് ദീപ്കെ മുന്നറിയിപ്പ് നൽകി.
അതേസമയം, പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പൊലീസ് ക്രൂരമർദനം അഴിച്ചുവിട്ടതായി ആം ആദ്മി പാർട്ടിയും ഐസയും ആരോപിച്ചു. പ്രക്ഷോഭത്തിനിടെ ആയിരത്തിലധികം ആളുകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത യുവാവിന്റെ മുഖത്ത് പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ ആം ആദ്മി പാർട്ടി പുറത്തുവിട്ടു. വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുള്ള പശ്ചാത്തലത്തിൽ, രാജ്യവ്യാപക പ്രതിഷേധങ്ങൾ ഏകോപിപ്പിക്കാൻ കോൺഗ്രസ് ‘സത്യാഗ്രഹ’ എന്ന പേരിൽ പുതിയ പോർട്ടലിന് തുടക്കമിട്ടിട്ടുണ്ട്. സമരം നടത്തുന്ന ഏത് സംഘടനകൾക്കും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.



