തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കേസെടുത്തതിന് പിന്നാലെ, ഭീഷണി ഫോൺ കോൾ ഉന്നയിച്ച് കന്റോൺമെന്റ് എസ്.ഐ ജി. ഗോകുലിനെതിരെ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഡി.ജി.പിക്ക് പരാതി നൽകി. തന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയാൽ ജില്ലാ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ കയറി പിടികൂടുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവിട്ടുകൊണ്ടാണ് സംഘടന പ്രതിഷേധം കടുപ്പിച്ചത്. നിനക്ക് പറ്റുന്നതൊക്കെ ചെയ്തോളാനും മര്യാദയ്ക്കാണെങ്കിൽ മര്യാദയ്ക്ക് നിൽക്കണമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. ആഭ്യന്തരമന്ത്രിയുടെ നിർദേശമുള്ളതുകൊണ്ട് മാത്രമാണ് അറസ്റ്റ് നടപടികൾ തൽക്കാലം നിർത്തിവെച്ചിരിക്കുന്നതെന്നും ഫോൺ കോളിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ നടന്ന പൊലീസ് ലാത്തിച്ചാർജിൽ കന്റോൺമെന്റ് സി.ഐക്കും എസ്.ഐക്കുമെതിരെ നടപടി വേണമെന്ന ആവശ്യം എസ്.എഫ്.ഐ ശക്തമാക്കുന്നതിനിടയിലാണ് ഈ വിവാദ ഓഡിയോ പുറത്തുവന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ എ.ഡി.ജി.പി പി. വിജയൻ നിർദേശം നൽകിയതിനെ തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



