ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധം വീണ്ടും പരിശോധിക്കാൻ നാലംഗ പ്രത്യേക സമിതിയെ നിയോഗിക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടാൽ ചിന്തയുടെ ബിരുദം സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നുവന്നെങ്കിലും എൽ.ഡി.എഫ് അംഗങ്ങൾ അതിൽ വിയോജിപ്പ് രേഖപ്പെടുത്തി.
കേരള സർവകലാശാല മുൻ പി.വി.സി ഡോ. പി.പി. അജയകുമാറിന്റെ മാർഗനിർദേശത്തിൽ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്രത്തെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് പി.എച്ച്.ഡി ലഭിച്ചത്. എന്നാൽ മലയാള സിനിമയെക്കുറിച്ചുള്ള ഈ പഠനം തമിഴ്‌നാട്ടിലെയും വടക്കേ ഇന്ത്യയിലെയും മൂന്ന് അന്യഭാഷാ പ്രൊഫസർമാർക്ക് മൂല്യനിർണ്ണയത്തിനായി അയച്ചതിൽ ദുരൂഹതയുണ്ടെന്നും, മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്ന് ആശയങ്ങളും രചനകളും പകർത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. പ്രബന്ധത്തിലെ ക്രമക്കേടുകൾ അന്വേഷിച്ച് ബിരുദം റദ്ദാക്കണമെന്നാണ് പരാതിക്കാരുടെ പ്രധാന ആവശ്യം.



