ബഹ്റൈന് നേരെ നടന്ന ഇറാൻ ആക്രമണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവുശിക്ഷ വിധിച്ചു. തടവിന് പുറമേ 2,000 ബഹ്റൈനി ദിനാർ (ഏകദേശം നാലര ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴ ചുമത്താനും, കേസിനാസ്പദമായ ഇലക്ട്രോണിക് സാമഗ്രികൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് പബ്ലിക് പ്രോസിക്യൂഷനെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. രാജ്യത്തിനെതിരെയുണ്ടായ ആക്രമണങ്ങളെ അനുകൂലിച്ചുകൊണ്ട് ചിത്രങ്ങളും വീഡിയോകളും കമന്റുകളും പ്രചരിപ്പിച്ച ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിനെക്കുറിച്ച് സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഡിജിറ്റൽ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റം തെളിഞ്ഞതോടെയാണ് കേസ് ഹൈ ക്രിമിനൽ കോടതി വിചാരണ ചെയ്ത് ശിക്ഷ വിധിച്ചത്. നിയമപരിധിക്കുള്ളിൽ നിന്ന് ആശയപ്രകടന സ്വാതന്ത്ര്യം അനുവദനീയമാണെങ്കിലും, ഭീകരപ്രവർത്തനങ്ങളെയും ആക്രമണങ്ങളെയും ന്യായീകരിക്കുന്നത് കടുത്ത കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിച്ചു. രാജ്യസുരക്ഷയ്ക്കും സാമൂഹിക സമാധാനത്തിനും ഭംഗം വരുത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.



