സി.പി.ഐ.എം സംഘടനാ തലത്തിൽ ആദ്യഘട്ടത്തിൽ ജില്ലാ കമ്മിറ്റികളിലും തുടർന്ന് സംസ്ഥാന നേതൃത്വത്തിലും സമഗ്രമായ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളുടെ നിർദേശങ്ങൾ പരിഗണിച്ച്, പ്രവർത്തനം തൃപ്തികരമല്ലാത്തവരെ മാറ്റി നിർത്തി പൂർണമായും മെറിറ്റ് അടിസ്ഥാനമാക്കിയാകും പുനഃസംഘടന നടപ്പിലാക്കുക. അതേസമയം, കോഴിക്കോട്ട് നടക്കുന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനമുയർന്നു. പാർട്ടി നേതാക്കളെ ഇ.ഡി ബോധപൂർവം വേട്ടയാടുകയാണെന്ന് ഒൻപത് ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ ആരോപിച്ചു. പി.എം.എൽ.എ കേസിൽ എസ്.എഫ്.ഐ നേതാവ് പ്രതിയാക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി വിഷയത്തിൽ കേന്ദ്രനേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പി.എസ്. സഞ്ജീവും ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധികളും ആവശ്യപ്പെട്ടു.
തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്ന സംസ്ഥാന സമിതി യോഗത്തെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അതിനനുസരിച്ചുള്ള തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ പ്രവർത്തകർ നിരാശരാകുമെന്നും പൊതുചർച്ചയിൽ മുന്നറിയിപ്പുയർന്നു. പാർട്ടിയുടെ നവമാധ്യമ വിഭാഗത്തിൽ മികച്ച സാങ്കേതിക പരിജ്ഞാനമുള്ളവരെ ഉൾപ്പെടുത്തി അടിയന്തരമായി നവീകരിക്കാനും കേരള സമൂഹത്തിലെ വലതുപക്ഷ വ്യതിയാനത്തെക്കുറിച്ച് ഗവേഷണ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രത്യേക പഠനം നടത്താനും യോഗത്തിൽ നിർദേശമുണ്ട്. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് സമാപിക്കാനിരിക്കെ, ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി നൽകും. വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് ഒരു ലക്ഷം പേർ അണിനിരക്കുന്ന ബഹുജന റാലിയോടെയാകും സമ്മേളനം അവസാനിക്കുക.



