India Mirror News

ചെന്നൈ വ്യവസായിയുടെ പരാതി: പി. ശശിക്കും എം.വി. ഗോവിന്ദന്റെ മകനുമെതിരെ പോലീസ് അന്വേഷണം ശക്തം

ചെന്നൈ വ്യവസായിയുടെ പരാതി: പി. ശശിക്കും എം.വി. ഗോവിന്ദന്റെ മകനുമെതിരെ പോലീസ് അന്വേഷണം ശക്തം

ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതിയിൽ സി.പി.ഐ.എം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി. ശശിക്ക് പുറമെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനും പോലീസിന്റെ അന്വേഷണ പരിധിയിൽ. പി. ശശിക്കെതിരായ അന്വേഷണം ശക്തമാക്കിയ പോലീസ് ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തേക്കുമെന്നാണ് സൂചന. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ മോഹിത് റാവത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിഷയം പരിശോധിക്കുന്നത്. സംഭവത്തിൽ പരാതിക്കാരനായ ഷർഷാദിന്റെ മൊഴി കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതി തുടരന്വേഷണത്തിനായി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു.

യു.കെയിലെ മലയാളി വ്യവസായി രാജേഷ് കൃഷ്ണ സി.പി.ഐ.എം നേതാക്കളുടെ ബിനാമിയാണെന്നും മന്ത്രിമാരുടെ അടക്കം സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് ഷർഷാദ് മുൻപ് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയ്ക്കും എം.എ. ബേബിക്കും പരാതി നൽകിയിരുന്നു. എന്നാൽ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ തന്റെ അറസ്റ്റിന് പിന്നിൽ പി. ശശിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്നാണ് ഷർഷാദിന്റെ പ്രധാന ആരോപണം. തനിക്കെതിരെ ചുമത്തിയ കള്ളക്കേസിനു പിന്നിലെ ഗൂഢാലോചന, പി. ശശി അടക്കമുള്ളവരുടെ ഫോൺ റെക്കോർഡുകളും വാട്സ്ആപ്പ് ചാറ്റുകളും, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്ത് ചോർന്ന സംഭവം എന്നിവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരാതിയിൽ കൃത്യമായ അന്വേഷണം നടക്കുകയാണെങ്കിൽ പി. ശശിക്കെതിരെ കൂടുതൽ പരാതികൾ പുറത്തുവരുമെന്നും ഷർഷാദ് അവകാശപ്പെടുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *