ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണവും തന്ത്രപ്രധാന ബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ദേശീയ പ്രതിരോധ കോളജിന്റെ (എൻ.ഡി.സി) ഉന്നതതല സംഘം ഒമാനിൽ സന്ദർശനം നടത്തി. എയർ വൈസ് മാർഷൽ മനീഷ് വസന്ത്കുമാർ പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘം ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെയായിരുന്നു ഒമാനിൽ പര്യടനം നടത്തിയത്. തന്ത്രപ്രധാനമായ അയൽരാജ്യങ്ങളുമായുള്ള പഠനയാത്രയുടെ ഭാഗമായി നടന്ന ഈ സന്ദർശനത്തിൽ ഒമാൻ കൗൺസിലിന്റെ ഭാഗമായ മജ്‌ലിസ് അദ്ദൗല, മജ്‌ലിസ് അശ്ശൂറ എന്നിവ പ്രതിനിധികൾ സന്ദർശിക്കുകയും കൗൺസിൽ അംഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്തു.
പര്യടനത്തിനിടെ സുൽത്താന്റെ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖമീസ് അൽ റഈസിയുമായി ഇന്ത്യൻ സംഘം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളുടെയും പൊതുസുരക്ഷാ താൽപ്പര്യങ്ങളും പ്രതിരോധ പങ്കാളിത്തവും സംബന്ധിച്ച് യോഗത്തിൽ വിശദമായ ആശയവിനിമയം നടന്നു. കൂടാതെ ഒമാൻ ദേശീയ പ്രതിരോധ കോളജ് കമാൻഡന്റ് റിയർ അഡ്മിറൽ അലി അബ്ദുല്ല അൽ ഷിദിയുമായി നടത്തിയ ചർച്ചയിൽ പരിശീലനം, അക്കാദമിക് സഹകരണം എന്നീ മേഖലകൾ വിപുലീകരിക്കുന്നതിനുള്ള വഴികൾ തേടി. ഒമാൻ ഡിപ്ലോമാറ്റിക് അക്കാദമി, പ്രത്യേക സാമ്പത്തിക മേഖലകളുടെയും ഫ്രീ സോണുകളുടെയും പബ്ലിക് അതോറിറ്റി എന്നിവിടങ്ങളും സന്ദർശിച്ച സംഘത്തിന്റെ പര്യടനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ബന്ധങ്ങൾക്ക് കരുത്തേകുമെന്നും, മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ദീർഘകാല പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.



