India Mirror News

സൗദിയിൽ ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

സൗദിയിൽ ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാജ്യത്തിന്റെ തെക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മിതമായത് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും മഴ ഏറ്റവും കടുപ്പമാകുകയെന്നും അധികൃതർ വ്യക്തമാക്കി. ജാസാൻ, അസീർ, അൽ ബാഹ, മക്കയുടെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. അബഹ, ഖമീസ് മുശൈത്ത്, സബ്യ, സമത തുടങ്ങിയ ഗവർണറേറ്റുകളിലും അൽ ബാഹ, തായിഫ്, മൈസാൻ എന്നിവിടങ്ങളിലും വലിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം നജ്റാൻ, റിയാദിന്റെ തെക്കൻ പ്രദേശങ്ങളായ വാദി അദ്ദവാസിർ, അൽ സുലൈയിൽ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കും.

മഴയോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും പൊടിച്ചാറ്റിനും സാധ്യതയുണ്ട്. 50 മില്ലീമീറ്ററിലധികം മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ താഴ്വരകളിൽ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയേറെയാണെന്നും, തീരദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അടുത്ത ആഴ്ച അവസാനത്തോടെയും കാലാവസ്ഥാ വ്യതിയാനം തുടർന്നേക്കും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയും ‘അൻവാ’ ആപ്പിലൂടെയും തത്സമയ വിവരങ്ങൾ നിരീക്ഷിക്കണമെന്നും ദുരന്തനിവാരണ സേന നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *