കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പുസ്തകം ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പുറത്തിറക്കുന്നു. വരുന്ന നവംബർ 10-ന് പുസ്തകം വിപണിയിലെത്തുമെന്നും, ഇന്ത്യയുടെ രാഷ്ട്രീയ യാത്രയെക്കുറിച്ചുള്ള അപൂർവ്വമായ അകക്കാഴ്ചകൾ ഇത് സമ്മാനിക്കുമെന്നും പ്രസാധകർ അറിയിച്ചു. മുൻപ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പുസ്തകത്തിലെ ചില ഭാഗങ്ങൾ മാറ്റാൻ സോണിയ ഗാന്ധി തയ്യാറാകാത്തതിനാലാണ് പെൻഗ്വിൻ പിന്മാറിയതെന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നെങ്കിലും, ആ ആരോപണങ്ങൾ തള്ളിക്കളഞ്ഞ പ്രസാധകർ പിന്മാറ്റത്തിന് പിന്നിൽ മറ്റ് കാരണങ്ങളാണെന്നാണ് വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ്, ചൈനീസ് കടന്നുകയറ്റം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങളും 2015-ൽ സോണിയ ഗാന്ധിയും മൻമോഹൻ സിംഗും ചേർന്ന് നരേന്ദ്ര മോദിയെ സന്ദർശിച്ച സംഭവത്തിലെ ചില വിവരങ്ങളും നീക്കം ചെയ്യാനാണ് പെൻഗ്വിൻ ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വിഷയത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പിന്നീട് പ്രതികരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, അമേരിക്കൻ പ്രസാധകരായ ആൽഫ്രഡ് എ. നോഫ് ആയിരിക്കും പുസ്തകത്തിന്റെ അന്താരാഷ്ട്ര പതിപ്പ് പുറത്തിറക്കുക.



