സ്ത്രീകൾ പൊതുവേദിയിലിറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്ന പരാമർശത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. ഇത്തരം ദുഷ്ടലാക്കുകളെ ജാഗ്രതയോടെ സമീപിക്കണമെന്നും, പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങളിലും വീഴാതെ തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും അച്ചടക്കത്തോടെയും ഇടപെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട പാരമ്പര്യമാണ് സുന്നി വിശ്വാസികളുടേതെന്നും, അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ സംയമനം പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തൃശൂരിലെ ഒരു പൊതുവേദിയിൽ സ്ത്രീകളെ രണ്ടാം സ്ഥാനക്കാരായി കാണുന്നില്ലെന്ന് കാന്തപുരം പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നത്. അതേസമയം, ആത്മീയ വിഷയങ്ങളെ വൈകാരികമായി തിരിച്ചുവിടാനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്ന് ചൂണ്ടിക്കാട്ടിയ കാന്തപുരം വിഭാഗം, നാളെ കോഴിക്കോട്ട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ വിഷയത്തിൽ കാന്തപുരം കൂടുതൽ വിശദീകരണങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.



