അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ടി20 ലോകകപ്പിൽ കളിച്ച റിങ്കു സിംഗിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. സെപ്റ്റംബർ 13 ഞായറാഴ്ച മുതൽ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിന്ന് ഇരുതാരങ്ങളെയും മാറ്റിനിർത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന് തൻ്റെ യൂട്യൂബ് ചാനലിലൂടെ ജാഫർ വ്യക്തമാക്കി. ഐപിഎല്ലിൽ 59 ശരാശരിയിലും 148.98 സ്ട്രൈക്ക് റേറ്റിലും 295 റൺസും, യു.പി ടി20 ലീഗിൽ 219.48 സ്ട്രൈക്ക് റേറ്റിൽ 169 റൺസും, ദുലീപ് ട്രോഫിയിൽ അർധസെഞ്ചുറിയും നേടിയിട്ടും റിങ്കുവിനെ ഒഴിവാക്കിയത് നിർഭാഗ്യകരമാണ്. ഇന്ത്യയ്ക്കായി 35 ടി20 ഇന്നിങ്സുകളിൽ നിന്ന് 36.94 ശരാശരിയിലും 156.34 സ്ട്രൈക്ക് റേറ്റിലും 702 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്ത റിങ്കുവിനെ വ്യക്തമായ കാരണങ്ങളില്ലാതെയാണ് പുറത്താക്കിയതെന്നും, പരിക്കിൽ നിന്ന് പ്രമുഖർ തിരിച്ചെത്തുമ്പോൾ മറ്റുള്ളവർ വഴിമാറുന്നത് മനസിലാക്കാമെങ്കിലും റിങ്കു ചെയ്ത തെറ്റന്താണെന്നും ജാഫർ ചോദിച്ചു.
ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിനെ ഒഴിവാക്കിയതിലും വസീം ജാഫർ കടുത്ത നിരാശ പ്രകടിപ്പിച്ചു. യാതൊരു കാരണവുമില്ലാതെയാണ് കുൽദീപ് വീണ്ടും ടീമിന് പുറത്തായതെന്നും, അവൻ്റെ കാര്യത്തിലും വലിയ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കായി 54 ടി20 മത്സരങ്ങളിൽ നിന്ന് 13.74 ശരാശരിയിലും 6.95 ഇക്കോണമിയിലും 95 വിക്കറ്റുകൾ നേടി മികച്ച ട്രാക്ക് റെക്കോർഡുള്ള ബൗളറാണ് കുൽദീപ് യാദവ്.



