സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ വിദ്യാർത്ഥി, യുവജന സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷമായ പരിഹാസവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സർക്കാർ അധികാരത്തിലേറി 100 ദിവസങ്ങൾ തികയുമ്പോഴേക്കും എന്തിനാണ് ഇത്ര വലിയ സമരങ്ങൾ നടത്തുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും പ്രതിഷേധിക്കാൻ ഇനിയും സമയമുള്ളതിനാൽ ദയവായി ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷക്കാലം ഇത്തരം സംഘടനകളെയൊന്നും കണ്ടിരുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, വിദ്യാർത്ഥികളുടെ ഏത് ആവശ്യമാണ് ഹനിക്കപ്പെട്ടതെന്നും എന്തിനാണ് അവരെ പ്രതിഷേധത്തിന് ഇളക്കിവിടുന്നതെന്നും ചോദിച്ചു. സമരക്കാർക്ക് നേരെയുണ്ടായ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തെ ന്യായീകരിച്ച മന്ത്രി, പൊലീസിന് നേരെ ആക്രമണങ്ങളും ആക്രോശങ്ങളുമുണ്ടാകുമ്പോൾ സ്വീകരിക്കുന്ന സ്വാഭാവിക നടപടിയാണിതെന്നും കഴിഞ്ഞ 10 വർഷമായി ഉപയോഗിക്കുന്ന അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
അതേസമയം, നിയമസഭാ മാർച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച വെള്ളത്തിൽ അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലം വ്യക്തമാക്കി. കെമിക്കൽ ലാബിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം വെള്ളത്തിൽ ഇരുമ്പിന്റെ അംശം മാത്രമേയുള്ളൂ. ജലപീരങ്കിയിലെ വെള്ളത്തിന്റെ നിറവ്യത്യാസം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പൊലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കെമിക്കൽ പരിശോധനാ ഫലം പുറത്തുവന്നതും ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതും.



