തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അന്തരിച്ച പിതാവിനായി മക്കൾ കല്ലറ നിർമ്മിച്ച് സമാധിയെന്ന് പ്രചരിപ്പിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ പൊലീസ് കേസ് അവസാനിപ്പിച്ചു. ഗോപൻ സ്വാമിയുടേത് ഹൃദയാഘാതം മൂലമുള്ള മരണമാണെന്ന് വ്യക്തമായതോടെയാണ് കേസ് ക്ലോസ് ചെയ്തത്. മരണത്തിൽ കൊലപാതക സാധ്യതയുണ്ടെന്നും കല്ലറ നിർമ്മാണത്തിലും സമാധി വാദത്തിലും ദുരൂഹതയുണ്ടെന്നുമുള്ള സംശയങ്ങൾ ആദ്യഘട്ടത്തിൽ ഉയരുകയും, ഇത് സമാധിയെക്കുറിച്ചുള്ള സംസ്ഥാനതല ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഒന്നര വർഷം മുൻപ് നടന്ന മരണത്തിൽ വിവാദങ്ങൾ ഉയർന്നതോടെ ഹൈക്കോടതി ഇടപെടുകയും മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളിലോ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലോ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. മരണകാരണം ഹൃദയാഘാതമാണെന്ന് അന്വേഷണത്തിൽ പൂർണ്ണമായി തെളിഞ്ഞതോടെയാണ് നടപടികൾ അവസാനിപ്പിച്ചത്. നിലവിൽ ഗോപൻ സ്വാമിയുടെ സമാധിസ്ഥലം പൂജകൾ നടക്കുന്ന ഒരു ക്ഷേത്രമായി മാറിയിട്ടുണ്ട്. ഭാവിയിൽ ഇവിടെ വലിയൊരു ക്ഷേത്രം നിർമ്മിച്ച് പ്രദേശം തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനം.



