കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ച നടനും രാഷ്ട്രീയ നേതാവുമായ ദേവൻ, തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് വ്യക്തമാക്കി. ടിവികെയുടെ സംസ്ഥാന അധ്യക്ഷ പദവിയാണ് തനിക്ക് വാഗ്ദാനം ചെയ്തിട്ടുള്ളതെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, മുൻപ് കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആളാണ് താനെന്നും എന്നാൽ പ്രവർത്തകർ ദിശയറിയാതെ ഒഴുകിപ്പോകുന്ന അവസ്ഥ കണ്ടപ്പോഴാണ് മറ്റ് ആശയങ്ങളിലേക്ക് മാറാൻ തീരുമാനിച്ചതെന്നും കൂട്ടിച്ചേർത്തു.
ബിജെപിയിൽ നിന്ന് നിരന്തരം അവഗണന മാത്രമാണ് നേരിടേണ്ടി വന്നതെന്നും പാർട്ടിയിൽ ചേർന്നതുകൊണ്ട് യാതൊരു ഗുണവും ലഭിച്ചില്ലെന്നും ദേവൻ തുറന്നടിച്ചു. സംസ്ഥാനത്തെ ബിജെപി നേതാക്കൾ സ്വയം പ്രവർത്തിക്കുന്നില്ലെന്ന് മാത്രമല്ല മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം ആരോപിച്ചു. തൃശൂരിലെ കിറ്റ് വിവാദത്തിൽ മുൻ എംപി ടി.എൻ. പ്രതാപൻ തന്നെ കുടുക്കിയതാണെന്നും ബിജെപിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പറയാൻ ഏറെ കാര്യങ്ങളുണ്ടെങ്കിലും നിലവിൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മടിയിൽ കനമില്ലാത്തതിനാൽ ഏത് ഇ.ഡി അന്വേഷണത്തെയും ഭയമില്ലെന്നും ദേവൻ കൂട്ടിച്ചേർത്തു.



