പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. മണ്ഡല പുനർനിർണയ ഭേദഗതി ബിൽ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണോ ഇതെന്നും, മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കി അടിയന്തരമായി സഭ വീണ്ടും വിളിച്ചുചേർക്കാൻ പദ്ധതിയുണ്ടോ എന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചോദിച്ചു. പുതിയ സമ്മേളനം പ്രത്യേകമായി വിളിച്ചുചേർക്കാതെ തന്നെ നടപടികൾ തുടരാനാണ് സഭ ഔദ്യോഗികമായി പിരിച്ചുവിടാതിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 2015-ലും 2021-ലും സമാനമായ രീതിയിൽ ദിവസങ്ങളോളം നടപടികൾ നീണ്ടുപോയിട്ടുണ്ടെങ്കിലും അന്ന് ദുരുദ്ദേശ്യപരമായ നീക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂലൈ 20-ന് ആരംഭിച്ച വർഷകാല സമ്മേളനം ഈ മാസം 13-നാണ് അവസാനിച്ചത്. നീറ്റ് വിവാദം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധങ്ങൾ കാരണം സഭയുടെ പ്രവർത്തനക്ഷമത ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോക്‌സഭയിൽ 19 ശതമാനവും രാജ്യസഭയിൽ 39 ശതമാനവും മാത്രമാണ് സഭാ നടപടികൾ നടന്നത്. ചർച്ചകളില്ലാതെ തന്നെ സുപ്രധാന ബില്ലുകൾ കേന്ദ്ര സർക്കാർ പാസാക്കിയെടുത്തതായും കോൺഗ്രസ് ആരോപിക്കുന്നു.



