പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. ഏകപക്ഷീയമായ ഈ നീക്കം അംഗീകരിക്കാനാകില്ലെന്നും ഡിവിഷൻ വെട്ടിമുറിക്കുന്നത് കേരളത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും വ്യക്തമാക്കിയാണ് നീക്കം. ജനപ്രതിനിധികളെപ്പോലും അറിയിക്കാതെ മംഗളൂരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങൾ വേർപെടുത്തുന്നത് കർണാടക തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട രാഷ്ട്രീയ നീക്കമാണെന്ന് ആരോപിച്ചാണ് കോൺഗ്രസും യുഡിഎഫും പ്രതിഷേധം കടുപ്പിക്കുന്നത്.
തീരുമാനത്തിനെതിരെ തിരുവോണ നാളിൽ പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിൽ യുഡിഎഫ് എംപിമാർ നിരാഹാര സമരം നടത്തും. രണ്ടാം ഘട്ടമായി പാർലമെന്റ് മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം, വിഷയത്തിൽ ഇപ്പോൾ നേരിട്ട് ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ മുതിർന്ന നേതാക്കളെ ബിജെപി ചുമതലപ്പെടുത്തിയിട്ടുണ്ട്.



